27
Apr 2026
Mon
27 Apr 2026 Mon
chad

എന്‍ജമീന: കിഴക്കന്‍ ഛാഡില്‍ കുടിവെള്ളത്തിന്റെ അവകാശത്തെ ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ആക്രമണങ്ങളിലും തുടര്‍ന്നുണ്ടായ പ്രത്യാക്രമണങ്ങളിലും 42 പേര്‍ കൊല്ലപ്പെട്ടതായി ഉപപ്രധാനമന്ത്രി ലിമാന്‍ മഹമത് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഡാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വാഡി ഫിറ പ്രവിശ്യയിലെ ഇഗോട്ട് ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഘര്‍ഷം ആരംഭിച്ചത്. തിങ്കളാഴ്ച ഗ്രാമം സന്ദര്‍ശിച്ച ശേഷമാണ് ഉപപ്രധാനമന്ത്രി മരണസംഖ്യ സ്ഥിരീകരിച്ചത്. പരിക്കേറ്റ പത്തോളം പേരെ വിദഗ്ധ ചികിത്സയ്ക്കായി പ്രവിശ്യയിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

സൈനിക ഇടപെടല്‍

സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ വിന്യസിച്ചു. സുരക്ഷാ സേനയുടെ വേഗത്തിലുള്ള ഇടപെടല്‍ അക്രമങ്ങള്‍ തടയാന്‍ സഹായിച്ചുവെന്നും നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്നും മഹമത് വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്താന്‍ ജുഡീഷ്യല്‍ നടപടികള്‍ ആരംഭിച്ചതായും ഗ്രാമത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ധിച്ചുവരുന്ന വിഭവക്ഷാമം

ഛാഡില്‍ ഭൂമിക്കും വെള്ളത്തിനും വേണ്ടിയുള്ള വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം ഇടയന്മാരും കര്‍ഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകും എന്നാല്‍ അയല്‍രാജ്യമായ സുഡാനിലെ ആഭ്യന്തര യുദ്ധം ഛാഡിന്റെ കിഴക്കന്‍ പ്രവിശ്യകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സുഡാനില്‍ നിന്നുള്ള ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇവിടേക്ക് എത്തിയതോടെ നിലവിലുള്ള പരിമിതമായ വിഭവങ്ങള്‍ക്കായി കടുത്ത മത്സരമാണ് നടക്കുന്നത്.

സുഡാനിലെ യുദ്ധം അതിര്‍ത്തി കടന്ന് ഛാഡിലേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഛാഡ് സുഡാനുമായുള്ള അതിര്‍ത്തി അടച്ചിരുന്നു. സുഡാനില്‍ തുടരുന്ന സംഘര്‍ഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിക്കാണ് വഴിമാറിയിരിക്കുന്നത്. അതിര്‍ത്തി മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഛാഡ് സര്‍ക്കാര്‍ അറിയിച്ചു.