കണ്ണൂർ: കാനുമായി ഒരാൾ ട്രെയിനിന് അടുത്തേക്ക് എത്തിയെന്നും 15 മിനിറ്റ് കൊണ്ട് ആളിക്കത്തിയെന്നും കണ്ണൂരിൽ ട്രെയിൻ കത്തിയ സംഭവത്തിന്റെ ദൃക്‌സാക്ഷി. പുലർച്ചെ ഒന്നരയോടെ ട്രെയിനിൽനിന്ന് പുക ഉയരുകയായിരുന്നു. ഉടൻതന്നെ തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷി ജോർജ് വെളിപ്പെടുത്തി.
|
മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതി. പാർസൽ ജീവനക്കാർ ഉണ്ടായിരുന്നു അവിടെ. പുകയുണ്ടെന്ന് പറഞ്ഞ് അവർ പോയി നോക്കി. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. സ്റ്റേഷൻ മാഷോട് വിഷയം അവതരിപ്പിച്ചു. അപ്പോഴേക്കും സൈറൻ മുഴക്കി. പതിനഞ്ചു മിനിറ്റോടെ തീ ആളിപ്പടർന്നു. ആദ്യം ബാത്ത്‌റൂമിന്റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തുകയായിരുന്നു. തീ പെട്ടെന്നായിരുന്നു കത്തിയത്. അതുകൊണ്ടുതന്നെ ദുരൂഹതയുണ്ടെന്നാണ് സംശയമെന്നും ദൃക്‌സാക്ഷി പറയുന്നു.
നേരത്തെ ഏലത്തൂരിൽ അഗ്നിബാധയുണ്ടായ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ്സിൽ തന്നെയാണ് വീണ്ടും തീപിടിത്തം ഉണ്ടായത്. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പുലർച്ചെ 1.45 ഓടെ ആണ് തീപടർന്നത്. പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.
ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.





