|
തൃശൂര്‍: വടക്കാഞ്ചേരി കുമ്പളങ്ങാട് വെടിക്കെട്ട് പുരയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊള്ളലേറ്റ പടക്ക നിര്‍മ്മാണ തൊഴിലാളി മണികണ്ഠന്‍ (55) മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ വെടിക്കെട്ട് പുര പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. കിലോമീറ്ററുകള്‍ അകലെ വരെ പ്രകമ്പനം ഉണ്ടായിയിരുന്നു. ഓട്ടുപാറയില്‍ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകള്‍ ശക്തമായ സമ്മര്‍ദത്തില്‍ അടഞ്ഞു. അഗ്‌നിരക്ഷാ സേനയും പോലിസും സ്ഥലത്തെത്തിയിരുന്നു.
ഓട്ടുപാറ, അത്താണി, കുന്നംകുളം എന്നിവിടങ്ങള്‍ വരെ കുലുക്കമുണ്ടായതായി പറയുന്നു. ഫയര്‍ ഫോഴെസെത്തി ഏറെ നേരം പണിപ്പെട്ടാണ് വെടിക്കെട്ട് പുരയിലെ തീ അണച്ചത്. കുണ്ടന്നൂര്‍ സ്വദേശി സുന്ദരാക്ഷന്റെ സ്ഥത്താണ് വെടിക്കെട്ട് പുര പ്രവര്‍ത്തിച്ച് വരുന്നത്. കുണ്ടന്നൂര്‍ സ്വദേശി ശ്രീനിവാസനാണ് ലൈസന്‍സി.
അതിനിടെ വെടിക്കെട്ടുപുര പ്രവര്‍ത്തിച്ചത് അനധികൃതമാണെന്ന് കണ്ടെത്തി. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ വെടിക്കെട്ടുപുരയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല. വെടിക്കെട്ടുപുരയുടെ ലൈസന്‍സ് ഡെപ്യൂട്ടി കലക്ടര്‍ റദ്ദാക്കി. സ്ഥലം ഉടമ സുന്ദരാക്ഷനെയും ലൈസന്‍സി ശ്രീനിവാസനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



