ന്യൂഡൽഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാരുടെ ആദ്യസംഘം ഡൽഹിയിലെത്തി. 360 പേരാണ് സംഘത്തിലുള്ളത്. ജിദ്ദയിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. സുഡാനിൽ നിന്നും ഡൽഹിയിലെത്തിയവരിൽ 19 മലയാളികളും ഉൾപ്പെടുന്നു. ഇവർക്ക് ഭക്ഷണവും താമസവും കേരള ഹൗസിൽ ഒരുക്കി. ഇവരെ ഉടൻ നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
|
ഡൽഹി വിമാനത്താവളത്തിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌കും, കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും 264 പേരെ കൂടി ജിദ്ദയിലെത്തിച്ചിട്ടുണ്ട്. 136 ഇന്ത്യാക്കാരുമായി നാലാമത്തെ ബാച്ചും പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലേക്ക് തിരിച്ചിട്ടുണ്ട്. പോർട്ട് സുഡാനിൽ നിന്നും 297 പേരുമായി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് തേജ് കപ്പലും യാത്ര തിരിച്ചിട്ടുണ്ട്. അതിനിടെ സുഡാനിൽ വെടിയേറ്റു കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി. ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും അടങ്ങുന്ന സംഘമാണ് ജിദ്ദയിലെത്തിയത്. ഇവരെ എത്രയും വേഗം കൊച്ചിയിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ കുടുങ്ങിയ 1100 പേരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആറു ബാച്ചുകളിലായാണ് ഇത്രയും പേരെ ഒഴിപ്പിച്ചതെന്നും, ഇവരെ ഉടൻ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.


