ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ താലൂക്കില്‍ മഹല്ല് സെക്രട്ടറിയും പിക്കപ്പ് വാന്‍ ഡ്രൈവറുമായ അബ്ദുല്‍ റഹീമിനെ(32)വെട്ടിക്കൊന്ന സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രി ജി പരമേശ്വരയാണ് പ്രതികളെ പിടികൂടിയ വിവരം അറിയിച്ചത്.
|
റഹീമിന്റെ സുഹൃത്തായ ആര്‍എസ്എസ് പ്രവര്‍ത്തകനടക്കം 15 പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വിഷയം സര്‍ക്കാര്‍ ഗൗരവത്തിലാണ് എടുത്തിട്ടുള്ളതെന്നും വര്‍ഗീയമായ ഇത്തരം സംഭവങ്ങളില്‍ വെറുതെ ഇരിക്കില്ലെന്നും പരമേശ്വര പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലുള്ളവര്‍ക്കെതിരേ മുഖംനോക്കാതെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കൊലപാതകത്തിനു മറുപക്ഷം തിരിച്ചടിച്ചാല്‍ ഈ സമൂഹം എവിടെ പോകുമെന്നും അദ്ദേഹം ചോദിച്ചു.
ആര്‍എസ്എസുകാരനായ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം പിക്കപ്പില്‍ പൂഴിമണല്‍ എത്തിച്ച് ഇറക്കുന്നതിനിടെയാണ് ബൈക്കുകളിലെത്തിയ 15 അംഗം റഹീമിനെയും സഹായി കലന്ദര്‍ ഷാഫിയെയും ആക്രമിച്ചത്. റഹീം സംഭവസ്ഥലത്തുവച്ചു മരിച്ചു. ഷാഫി പരിക്കുകളോടെ ചികില്‍സയിലാണ്. റഹീമിന്റെ രണ്ട് സുഹൃത്തുക്കള്‍ അടക്കമുള്ളവരാണ് കൊലപാതകം നടത്തിയതെന്ന് ഷാഫി പോലീസിനു മൊഴി നല്‍കി.
സൂറത്കല്‍ ഫാസില്‍ വധക്കേസിലെ മുഖ്യപ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ സുഹാസ് ഷെട്ടിയെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഫാസിലിന്റെ സഹോദരന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് വെട്ടിക്കൊന്നിരുന്നു. ഈ സംഭവം നടന്ന് ഒരു മാസം പിന്നിടുന്നതിനിടെയാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലാത്ത റഹീം കൊല്ലപ്പെടുന്നത്. അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അലംഭാവം തുടരുന്നതില്‍ പ്രതിഷേധിച്ച് ഇരുന്നൂറിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.
ALSO READ: റഹീം വധം: മംഗലാപുരത്ത് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





