കൊച്ചി: തൃപ്പൂണിത്തുറയില്‍ കോടികളുടെ തട്ടിപ്പ് നടത്തി വ്യാജ സന്യാസി മുങ്ങി. വ്യവസായത്തിനായി കോടികള്‍ വായ്പ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച് പലരില്‍ നിന്നായി വന്‍ തുക തട്ടിയെടുത്തെന്ന പരാതിയില്‍ കാലടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകന്‍ സൗപര്‍ണിക വിജേന്ദ്ര പുരി സ്വാമി ആണ് മുങ്ങിയത്. ഇയാളുടെ സെക്രട്ടറി പെരുമ്പാവൂര്‍ വെങ്ങോല ഗ്രീന്‍ലാന്‍ഡ് വില്ല നമ്പര്‍ 64ല്‍ രാഹുല്‍ ആദിത്യയും മുങ്ങിയിട്ടുണ്ട്. പരാതിയില്‍ ഇരുവര്‍ക്കുമെതിരേ ഹില്‍പ്പാലസ് പോലീസ് കേസെടുത്തു.
|
തൃപ്പൂണിത്തുറ സ്വദേശി ഹാന്‍സ് എന്ന വ്യവസായിയില്‍നിന്ന് മാത്രം 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 98 കോടിയുടെ വായ്പ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി ഇത്രയും തുക സ്വന്തമാക്കി എന്നാണ് പരാതി. ഇതേ സ്വാമി കൊല്ലം ചവറയില്‍ ഒരു റിട്ട. എസ്.ഐ.യില്‍നിന്ന് 30 ലക്ഷം രൂപയും തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചു. ഈ പരാതിയില്‍ വേറെയും കേസുണ്ട്.

ഹില്‍പ്പാലസ് സി.ഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആശ്രമത്തില്‍ പോലീസ് എത്തിയെങ്കിലും സ്വാമി മുങ്ങിയിരുന്നു. സ്വാമി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഹിന്ദുസമൂഹത്തിലെ എല്ലാ ജാതി വിഭാഗങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി അവരെ ആചാര്യസഭയുടെ കീഴില്‍ കൊണ്ടുവരാന്‍ വര്‍ഷങ്ങളായി അശ്രാന്ത പരിശ്രമം നടത്തുവരികയാണ് സ്വാമിയെന്നാണ് ഇയാളുടെ ഹിന്ദു ആചാര്യ സഭ ചാരിറ്റബിള്‍ ട്രസ്റ്റ് അവകാശപ്പെടാറുള്ളത്. നേരത്തെ ഇയാള്‍ക്ക് ഭീകരസംഘടനകളില്‍നിന്ന് വധഭീഷണിയുള്ളതായും പൊലിസ് പറഞ്ഞിരുന്നു.
Fraud of crores: Swami missing, among the victims of the scam is businessman and ret. S.I





