തിരുവനന്തപുരം: ദൂരുഹതകള്‍ നിറഞ്ഞ ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തരവ്.(Further investigation in Jensa maria james missing case)
|
സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി സിജെഎം കോടതിയില്‍ പിതാവ് ഹരജി നല്‍കിയിരുന്നു. മുദ്രവച്ച കവറില്‍ കേസിലെ തെളിവുകളും പിതാവ് കൈമാറി. ജസ്ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു.
തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പിതാവ് ഹാജരാക്കിയ തെളിവുകള്‍ സിബിഐ നേരത്തെ പരിഗണിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരുന്നത്. സിബിഐ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ താന്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമാണ് ജെസ്നയുടെ പിതാവ് ജയിംസിന്റെ വാദം.
മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നും അച്ഛന്‍ ജയിംസ് പറയുന്നു. ജെസ്നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതായും സൂചിപ്പിച്ചിരുന്നു. തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു.
ജസ്നയെ 2018 മാര്‍ച്ച് 22 ന് ആണ് കാണാതായത്. സംഭവത്തിന് പിന്നില്‍ ലൗ ജിഹാദാണെന്ന് ആരോപിച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനകള്‍ പ്രചാരണം നടത്തിയിരുന്നുവെങ്കിലും അത്തരം സൂചനകളൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. പിന്നീട് ജസ്‌നയെ പല സ്ഥലത്തും കണ്ടതായി റിപോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.





