തിരുവനന്തപുരം: പ്രതിപക്ഷ എതിര്‍പ്പ് തള്ളി തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. (Governor approves Kerala ward delimitation bill)നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. നിയമസഭയില്‍ ചര്‍ച്ച കൂടാതെ ആയിരുന്നു നേരത്തേ ബില്ല് സര്‍ക്കാര്‍ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയ ബില്ല് ഗവര്‍ണര്‍ക്ക് അയക്കുകയായിരുന്നു.
|
ചര്‍ച്ച കൂടാതെ പാസാക്കിയ ബില്ലില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബില്ല് ഒപ്പിടാതെ തടഞ്ഞുവെച്ച ഗവര്‍ണര്‍, സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. ഭരണഘടനാപരമായ ആവശ്യമായതിനാല്‍ വാര്‍ഡ് വിഭജന ബില്ല് പാസാക്കേണ്ടതുണ്ട് എന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു.
ഈ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടത്. ബില്ല് നിയമമായതോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. 2011-ലെ സെന്‍സെസ് അടിസ്ഥാനപ്പെടുത്തി ജനസംഖ്യാ അടിസ്ഥാനത്തിലാകും വാര്‍ഡ് പുനര്‍നിര്‍ണയം നടക്കുക.
തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി ഡീലിമിറ്റേഷന്‍ കമീഷന്‍ രൂപവത്കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാനാണ് ചെയര്‍മാന്‍. ഐ.എ.എസ് ഉദ്യോഗസ്ഥരായ രത്തന്‍ ഖേല്‍ക്കര്‍, കെ. ബിജു, എസ്. ഹരികിഷോര്‍, കെ. വാസുകി എന്നിവരാണ് അംഗങ്ങള്‍.
അടുത്തവര്‍ഷം ഡിസംബറിലാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകിയതോടെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാകുമോ എന്ന് ആശങ്ക ഉയര്‍ന്നിരുന്നു.





