ഹജ്ജ് ടിക്കറ്റ് നിരക്ക്: ഗവ ക്വാട്ടയിലെതിനേക്കാള്‍ കുറവുള്ളത് പ്രൈവറ്റ് വഴിയുള്ള യാത്രയ്ക്ക്
|
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള യാത്രയ്ക്ക് അമിത നിരക്ക് ഈടാക്കിയതോടെ ഇത്തവണ ഹജ്ജ് ടിക്കറ്റ് നിരക്ക് ഗവ ക്വാട്ടയിലെതിനേക്കാള്‍ കുറവുള്ളത് പ്രൈവറ്റ് വഴിയുള്ള യാത്രയ്ക്ക്. നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്കാണ് കരിപ്പൂരില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ ചെലവഴിക്കേണ്ടിവരിക. എയര്‍ ഇന്ത്യക്കാണ് കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താനുള്ള ചുമതല. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ മറ്റ് കമ്പനികള്‍ ഈടാക്കുന്നതിന്റെ ഇരട്ടി ചാര്‍ജ്ജ് ഈാക്കുന്നതാണ് ചെലവ് കൂടാന്‍ കാരണം.
ഹജ്ജ് കമ്മിറ്റിയിലുള്ളതിനേക്കാള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കിലാണ് സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ തീര്‍ഥാടകരെ ഹജ്ജിന് കൊണ്ടുപോകുന്നത്. എയര്‍ ഇന്ത്യയുടെ ടെണ്ടര്‍ റദ്ദ് ചെയ്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ എടുത്താല്‍ പോലും നിലവിലുള്ള ഒരുലക്ഷത്തി അറുപത്തി അയ്യായിരം രൂപ ടിക്കറ്റിനത്തില്‍ വരില്ല. രണ്ട് സര്‍വ്വീസിന്റെ പണമാണ് എയര്‍ ഇന്ത്യ ഒറ്റയാത്രക്ക് ഈടാക്കുന്നത്. സാധാരണ വിമാനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ 40000 മുതല്‍ അന്‍പതിനായിരം വരെയാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് ടിക്കറ്റ് നിരക്ക് വരിക. അപ്പോഴാണ് ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരില്‍ തീവെട്ടിക്കൊള്ളയുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. പരമാവധി ഒരു ലക്ഷം രൂപക്കുള്ളിലാണ് ചാര്‍ട്ടേഡ് വിമാനത്തിലായാലും ടിക്കറ്റ് നിരക്കുകള്‍ വരികയെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നതില്‍ പകുതിയിലധികം പേരും കരിപ്പൂരാണ് എംപാര്‍ക്കേഷന്‍ പോയന്റായി നല്‍കിയിരിക്കുന്നത്. അതിനാല്‍ വലിയൊരു വിഭാഗം വിശ്വാസികള്‍ക്ക് വിമാനടിക്കറ്റ് ഇനത്തില്‍ മറ്റ് വിമാനത്താവളത്തില്‍നിന്നും പോകുന്നതിനെക്കാള്‍ 75,000 രൂപ അധികം നല്‍കേണ്ടി വരും. നടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഹജ്ജിന് പോയി വരാന്‍ സൗദി എയര്‍ലൈന്‍സ് 86,000 രൂപയും കണ്ണൂരില്‍ നിന്നും 89,000 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ കോഴിക്കോട് നിന്നും എയര്‍ ഇന്ത്യ 16,5000 രൂപയാണ് ഈടാക്കുക. ഹാജിമാര്‍ക്ക് 53 കിലോ ലഗേജ് കൊണ്ടുപോകാന്‍ സൗദി എയര്‍ലൈന്‍സ് അനുമതി നല്‍കുന്നു. എയര്‍ ഇന്ത്യയില്‍ 37 കിലോക്ക് മാത്രമാണ് അനുമതി.


