21
Jan 2023
Sun
21 Jan 2023 Sun

കോട്ടയം: ഹെവി ലൈസന്‍സുള്ള വാഹനം ഓടിക്കുന്ന കൈയ്യിലെണ്ണാവുന്ന സ്ത്രീകളെ കേരളത്തിലെ നിരത്തിലുള്ളൂ. എന്നാല്‍ ഈ വ്യവസ്ഥ മാറാനിരിക്കുകയാണ്. സംസ്ഥാനത്ത് അരലക്ഷം വനിതാ ഡ്രൈവര്‍മാരാണ് ലോറിയുമായി നിരത്തുകളില്‍ ഇറങ്ങാനിരിക്കുന്നത്. സംസ്ഥാനത്തെ ലോറി ഓണേഴ്‌സ് അസോസിയേഷനാണ് സുപ്രധാന തീരുമാനവുമായി രംഗത്ത് വരുന്നത്. അസോസിയേഷന്റെ കീഴില്‍ 50,000 ഡ്രൈവര്‍മാരുടെ ഒഴിവുകളാണുള്ളത്. 25,00 ചെറിയ ചരക്കുവാഹനങ്ങളില്‍ സ്ഥിരം തൊഴിലാളികളുമില്ല. ഈ ഒഴിവകളിലേക്കാണ് വനിതാ ഡ്രൈവര്‍മാരെ ഇറക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. ലഹരി ഉപയോഗിക്കാത്തതും വനിതാ ഡ്രൈവര്‍മാര്‍ നിയമങ്ങള്‍ പാലിക്കുന്നതും കാരണമാണ് ഇവരെ ഈ ചുമതല ഏല്‍പ്പിക്കുന്നതിന് പിന്നില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

രണ്ടുവര്‍ഷംകൊണ്ട് 10,000 പേരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഒരു വാഹനത്തില്‍ രണ്ടു ഡ്രൈവര്‍മാരും ഒരു സഹായിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തൊഴില്‍ നല്‍കാനാവും. ആദ്യം നൂറുപേരെ കണ്ടെത്തി പരിശീലിപ്പിക്കും. ഇവര്‍ മറ്റുള്ളവരെ പരിശീലിപ്പിക്കും. ഈ രീതിയിലാവും അരലക്ഷം ഡ്രൈവര്‍മാരെന്ന ലക്ഷ്യത്തിലേക്കെത്തുക.

 

ഹെവി ലൈസന്‍സ് എടുക്കുന്നതിന് എട്ടാംക്ലാസ് വിദ്യാഭ്യാസം മതിയെന്നതിനാല്‍ വീട്ടമ്മമാര്‍ക്കും ഈ അവസരം വിനിയോഗിക്കാം. പദ്ധതി വിജയിച്ചാല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപിക്കും.
താത്പര്യമുള്ള സ്ത്രീകള്‍ക്ക്-ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍, മാങ്കിലേറ്റ് ബില്‍ഡിങ്, 101 ജങ്ഷന്‍, എം സി റോഡ്, ഏറ്റുമാനൂര്‍ കോട്ടയം എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 9946301002.