27
Apr 2024
Mon
|
കോഴിക്കോട്: സമസ്തക്ക് കീഴിലുള്ള സുപ്രഭാതം ദിനപത്രവും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് എരിവ് പകര്‍ന്ന് പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയായ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമസ്തയുടെ വാര്‍ത്ത നല്‍കാന്‍ ചന്ദ്രിക മടിച്ചതോടെയാണ് സുപ്രഭാതം തുടങ്ങിയതെന്ന് ഹമീദ് ഫൈസി ആരോപിച്ചു.
ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജമാഅത്തെ ഇസ്‌ലാമി മാധ്യമം തുടങ്ങി. എ. പി വിഭാഗത്തിന് സിറാജ് ദിന പത്രമുണ്ട്. മുജാഹിദുകൾ വർത്തമാനം ദിന പത്രം തുടങ്ങി. എസ് ഡി പി ഐ ക്കാർ തേജസ് പത്രം തുടങ്ങി. ആർക്കും പരാതിയില്ല, പരിഭവം ഇല്ല. യാതൊരു എതിർപ്പുകളും ഇല്ല.
സമസ്ത ചന്ദ്രിക ദിന പത്രത്തെ തന്നെ ആശ്രയിച്ചു പോന്നു. പിൽക്കാലത്തു മുസ്ലിം ലീഗിന്റെ നിലപാടുകളിൽ വന്ന ചില മാറ്റങ്ങളെ തുടർന്നു സമസ്തയുടെ സുപ്രധാനമായ ചില വാർത്തകൾ ചന്ദ്രികയിൽ വെളിച്ചം കാണാതെയായി. അന്വേഷിച്ചു. ‘അവർക്കെതിരായ വാർത്തകൾ കൊടുക്കരുതെന്ന് മുകളിൽ നിന്ന് നിർദ്ദേശമുണ്ട്’ എന്ന് പറഞ്ഞു എഡിറ്റർ കൈമലർത്തി. എന്നാൽ പരസ്യം നൽകാമെന്നു വെച്ചു. പക്ഷെ, പരസ്യത്തിലെ വാചകങ്ങൾക്കും നിയന്ത്രണം ഉണ്ടെന്നു വന്നപ്പോൾ ആ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു.
കേരളത്തിലെ മാഹാ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളുടെ പ്രതിയോഗികൾക്കെല്ലാം പത്രം. അവർക്ക് എന്തും എങ്ങിനെയും തെറ്റിദ്ധരിപ്പിക്കാം. നിജസ്ഥിതി വ്യക്തമാക്കാൻ സമസ്തക്ക് വഴിയില്ല. തുടർന്നു സമസ്ത മുസ്ലീം ലീഗ് നേതൃത്വത്തെ സമീപിച്ചു. ചന്ദ്രികയിലെ ഒരു പേജ് സമസ്തയുടെ വാർത്തകൾക്ക് തടസ്സമില്ലാത്ത വിധം പ്രസിദ്ധീകരിക്കണം. ഇതിന് ആവശ്യമായ കാഷ് എത്രയാണെങ്കിലും നൽകാം. പാണക്കാട് വെച്ച് ചന്ദ്രിക ജീവനക്കാരും സമസ്ത പ്രതിനിധകളും ചർച്ച നടന്നു. സമസ്തയുടെ ആവശ്യം അംഗീകരിക്കാൻ നിർവ്വാഹമില്ലെന്ന് തീരുമാനിച്ചു.
ഇനി സമസ്ത എന്തു ചെയ്യണം…? അത് ചെയ്തു. സുപ്രഭാതം പത്രം തുടങ്ങി. പത്രം എങ്ങിനെ നടത്തണമെന്ന ചർച്ച വന്നു. രണ്ടു രീതിയിലാണിവിടെ പത്രം നടന്നു വരുന്നത്. ഒന്ന് സംഘടനാ പത്രം. സ്വന്തം വാർത്തകൾക്ക് വലിയ കവറേജ് നൽകുക. പ്രതിയോഗികളുടെ വാർത്തകൾ തമസ്കരിക്കുക. ചന്ദ്രിക, ദേശാഭിമാനി പത്രങ്ങൾ പോലെ. പൊതുമുഖം നൽകി പത്രം പ്രസിദ്ധീകരിക്കുക എന്നതാണ് രണ്ടാമത്തെ രീതി. മാതൃഭൂമി, മനോരമ, മാധ്യമം പോലെ. രണ്ടാമത്തെ രീതി സ്വീകരിക്കലാണ് കരണീയമെന്ന് നേതൃത്വം തീരുമനിച്ചു. പത്രത്തിന്റെ മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ചെയർമാൻ കോട്ടുമല ബാപ്പു മുസ്‌ലിയാർ, സമസ്ത ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലാണ് ഈ നയം സ്വീകരിച്ചത്. പത്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ പോലും കേരളത്തിലെ പ്രമുഖ ഇടതു പാർട്ടിയുടെ പ്രതിനിധിയായ കോടിയേരി ബാല കൃഷ്ണൻ ഉൾപ്പെടെ എല്ലാ വിഭാഗത്തിൻ്റെയും പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നു.
തുടക്കം മുതൽ ഇക്കാലമത്രയും ഈ പൊതു സ്വഭാവം പത്രത്തിൻ്റെ വാർത്തകളിലും ലേഖനങ്ങളിലും പരിപാടികളിലും പരസ്യങ്ങളിലുമെല്ലാം ഉണ്ടായിരുന്നു. അതിൻ്റെ ഗുണഫലം മുസ്ലിം സമുദായത്തിനും സമസ്തക്കും ഉണ്ടായിട്ടുണ്ട്. ഇതിലൊന്നും ഉത്തരവാദപ്പെട്ട ഒരാളും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.
പത്ര നടത്തിപ്പിൻ്റെ വരവു ചെലവുകളെ കുറിച്ച് പറയാം. ഒരു പത്രം വിറ്റാൽ കമ്മീഷൻ കഴിച്ചാൽ 6 രൂപയാണ് ഓഫീസിൽ ലഭിക്കുക. ചിലവാകട്ടെ 20 രൂപയും. ഭീമമായ ഈ കുറവ് നികത്തുന്നത് പ്രധാനമായും പരസ്യങ്ങളിലൂടെയാണ്. നമുക്കാകട്ടെ സിനിമ പരസ്യം പറ്റില്ല. പലിശയുടെ പരസ്യമോ ആഭാസകരമായ സ്ത്രീകളുടെ ചിത്രങ്ങളടങ്ങിയ പരസ്യമോ ഒന്നും പാടില്ല. ഇസ്‌ലാം വിലക്കിയ മറ്റു കാര്യങ്ങളുടെ പരസ്യവും പറ്റില്ല. ഈ പോളിസിയെ തുടർന്നു ജ്വല്ലറികളുടെയും ടെക്സ്റ്റൈൽസുകളുടെയും ബാങ്കുകളുടെയും എത്രയെത്ര പരസ്യങ്ങളാണ് ഇതിനകം സുപ്രഭാതം വളരെ കണിശമായി തന്നെ നിരാകരിച്ചത്.
കേരളത്തിലെ പ്രധാന മുന്നണികളായ യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും പരസ്യം നൽകാമെന്ന് തീരുമാനിച്ചത് പണത്തിന് വേണ്ടി മാത്രമായിരുന്നില്ല. പത്രത്തിൻ്റെ പൊതുമുഖം നിലനിർത്തുക എന്ന ഉദ്ദേശ്യം വെച്ച് കൊണ്ട് കൂടിയായിരുന്നു. കഴിഞ്ഞ പത്ത് വർഷവും ഇരുവിഭാഗത്തിൻ്റെയും പരസ്യം സുപ്രഭാതം നൽകി പോന്നിട്ടുണ്ട്. ഇപ്രാവശ്യം എൽ ഡി എഫിൻ്റെ ആദ്യ പരസ്യം ബുക്ക് ചെയ്തപ്പോൾ തന്നെ അക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. തൊട്ട് പിറ്റേ ദിവസം അവർ പരസ്യം നൽകാമെന്ന് പറയുകയും ചെയ്തിരുന്നു. തലേദിവസം പോലും പരസ്യം ഉണ്ടെന്ന് ഉത്തരവാദപ്പെട്ടവർ വിളിച്ചറിയിച്ചിരുന്നു. പക്ഷെ, പരസ്യം തന്നില്ല. പിന്നീട്, തെരഞ്ഞെടുപ്പ് ദിവസം യുഡി എഫിൻ്റെ ജാക്കറ്റ് പരസ്യമുണ്ടെന്ന് പറഞ്ഞു. സ്ഥലംബുക്ക് ചെയ്തു. പക്ഷെ, അന്നും പത്രത്തിനു പരസ്യം കിട്ടിയില്ല. അതേസമയം കോൺഗ്രസ് ധാരാളം പരസ്യം തന്നിരുന്നു. അത് നന്ദിപൂവ്വം അനുസ്മരിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിലെല്ലാം എൽ ഡി എഫിൻ്റെ പരസ്യത്തിൻ്റെ കൂടെ യു ഡി എഫിൻ്റെ പരസ്യവും ഉണ്ടാകാറുണ്ടായിരുന്നു ഇപ്രാവശ്യം അതുണ്ടായില്ല. നമ്മുടെ ആളുകൾക്ക് തെറ്റിദ്ധാരണ ഉണ്ടാകാൻ അതാണ് പ്രധാനകാരണം.
ഇനി യു ഡി എഫിൻ്റെ പരസ്യം മാത്രമേ സുപ്രഭാതത്തിൽ പ്രസിദ്ധീകരിക്കാവു എന്ന് തീരുമാനിച്ചുവെന്ന് സങ്കൽപിക്കുക. മുസ്ലിം ലീഗ് യു ഡി എഫിലാകുമ്പോൾ ശരി. പക്ഷെ, ഒരുനാൾ ലീഗ് മുന്നണി വിട്ട് എൽഡിഎഫിൽ പോയാലോ…? തുടർന്ന് എൽ ഡിഎഫിൻ്റെ പരസ്യം മാത്രമേ സുപ്രഭാതത്തിൽ പ്രസിദ്ധീകരിക്കൂ എന്ന് മാറ്റി തീരുമാനിക്കുകയോ…? രാഷ്ട്രീയ പാർട്ടികളെയും മുന്നണികളെയും പോലെ സമസ്തക്ക് അതിൻ്റെ നിലപാടിൽ ഇടക്കിടെ മാറ്റം വരുത്താനൊക്കുമോ…? ഇപ്രാവശ്യം ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐ യുടെയും പിന്തുണ യു ഡി ഫിനുണ്ടായിരുന്നു. എന്ന് വെച്ച് അവരെ പ്രോൽസാഹിപ്പിക്കാൻ സമസ്തക്ക് പറ്റുമോ…?
അവർ പരസ്യം തന്നാൽ സുപ്രഭാതം എങ്ങിനെ പ്രസിദ്ധീകരിക്കും…?
തമിൾനാട്ടിലെ നീലഗിരി ജില്ലയിൽ സുപ്രഭാതത്തിന് ധാരാളം വരിക്കാരുണ്ട്. അവിടെ സിപിഎമ്മും മുസ്ലിം ലീഗും ഒരു മന്നണിയിലാണ്. സുപ്രഭാതം ആരുടെ പരസ്യമാണ് അവിടെ നൽകുക…? പത്രത്തിൻ്റെ പരിമിതികൾ ശ്രദ്ധയിൽ പെടുത്താനാണ് ഇത്രയെങ്കിലും എഴുതിയത്.
സുപ്രഭാതം പത്രത്തോട് മാത്രം എന്തിനാണിത്ര അരിശം…? അത് പൂട്ടിക്കാൻ മലപ്പുറത്ത് ഒരു പ്രമുഖ നേതാവിൻ്റെ വീട്ടിൽ രാത്രി വൈകി ഗൂഡാലോചനാ യോഗം നടന്നത് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമല്ലേ പാളിപ്പോയത്..?
ചിലർ പരസ്യമായി സുപ്രഭാതത്തിനെതിരെ വിഷം തുപ്പിക്കൊണ്ട് നടക്കുന്നു. ഇത് കൊണ്ട് ആർക്ക് എന്ത് നേട്ടമാണ് കിട്ടാൻ പോകുന്നത്…? ഇത് കൊണ്ടൊക്കെ സുപ്രഭാതവും സമസ്തയും തകരുമോ…? മുസ്ലിംലീഗിനും സമസ്തക്കുമിടയിൽ വിഭാഗീയത വളർത്താൻ സാധിച്ചേക്കും. അത് ആരുടെ താൽപര്യമാണെന്ന് നാം തിരിച്ചറിയണം.
മുസ്ലിം ലീഗ് ഭരണത്തിലുണ്ടാകുമ്പോൾ ചന്ദ്രികക്ക് പറയാൻ പറ്റാത്ത കാര്യങ്ങൾ ഉയർത്തി കൊണ്ട് വരാനും അവകാശങ്ങൾ ചോദിച്ച് വാങ്ങാനും നമുക്കൊരു പത്രമുണ്ടായാൽ അത് നമുക്ക് നേട്ടമല്ലെ…?
സുപ്രഭാതം കമ്മ്യൂണിസം പ്രചരിപ്പിക്കുന്നുവെന്ന് പറയുന്നവരോട് ഒരു വാക്ക്. നമ്മുടെ പ്രതിയോഗികൾ പറയുന്നത് അപ്പടി വിശ്വസിച്ച് നാം പ്രചരിപ്പിക്കരുത്. ഇതിനകം ഇറങ്ങിയ എല്ലാ പത്രങ്ങളും ഇവിടെ ലഭ്യമാണ്. നിഷ്പക്ഷമായി കണ്ണോടിക്കുക. ഇടത്പക്ഷ സർക്കാരിനെതിരെ, മുഖ്യമന്ത്രിയുടെ നീതിനിഷേധത്തിനെതിരെ എത്രയെത്ര ലേഖനങ്ങൾ, എഡിറ്റോറിയലുകൾ…!
മുസ്ലിംലീഗിൻ്റെ ചെന്നൈ സമ്മേളനത്തോടനുബന്ധിച്ച് 16 പേജ് പത്രമാണ് മുസ്ംലീഗിൻ്റെ ചരിത്രത്തെ കുറിച്ച് സുപ്രഭാതം പുറത്തിറക്കിയത്. ഇവിടെ ഏതെങ്കിലും സി പി എം സമ്മേളനത്തിന് സുപ്രഭാതം സ്പെഷ്യൽ ഇറക്കിയിട്ടുണ്ടോ…?
മറ്റൊരുകാര്യം. ചന്ദ്രിക സർക്കാരിനെ വിമർശിക്കുന്നതും സുപ്രഭാതം വിമർശിക്കുന്നതും തമ്മിലെ അന്തരം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ…? സുപ്രഭാതത്തിൻ്റെ ഓരോ വിമർശനവും മാധ്യമ വാർത്തയാകുന്നു. സർക്കാരിൽ സ്വാധീനം ചെലുത്തുന്നു. ചന്ദ്രിക വാർത്തയോ…? വാർത്തയാകുന്നില്ല. കാരണം ചന്ദ്രികയുടെ വിമർശനത്തിന് മൂർച്ച കുറവുള്ളത് കൊണ്ടല്ല. പ്രത്യുത, പൊതുമുഖമുള്ള പത്രത്തിൻ്റെ പ്രത്യേകതയാണത്. പ്രത്യേകിച്ചും സമസ്തയുടെ മുഖപത്രമെന്നതും പ്രധാനമാണ്.
സമസ്തയെയും മുസ്ലിംലീഗിനെയും ഭിന്നിപ്പിച്ച് നിറുത്തുകയെന്ന ശത്രുവിൻ്റെ ചതിക്കുഴിയിൽ സമസ്ത-മുസ്ലിംലീഗ് പ്രവർത്തകർ വീഴാതെ ശ്രദ്ധിക്കുക.
അബ്ദുൽ ഹമീദ് ഫൈസി
അമ്പലക്കടവ്





