ന്യൂഡല്‍ഹി: തോന്നിയ വിലയിട്ട് കാര്യമായ പരിശോധയില്ലാതെ വിപണിയിലെത്തുന്ന ആരോഗ്യ സപ്ലിമെന്റുകളുടെ നിര്‍മാണവും വില്‍പനയും നിയന്ത്രിക്കുന്ന തരത്തില്‍ നയങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രം. (Health supplements to be regulated; those claiming to cure diseases will be considered medicines) രോഗം ഭേദമാക്കുമെന്നോ ലഘൂകരിക്കുമെന്നോ അവകാശപ്പെടുന്ന സപ്ലിമെന്റുകള്‍ മരുന്നായി കണക്കാക്കണമെന്ന് വിഷയം പഠിക്കാന്‍ രൂപവത്കരിച്ച വിദഗ്ധ സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.
|
നിലവില്‍, ഇത്തരം ഉല്‍പന്നങ്ങളെല്ലാം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) പരിധിയിലാണ് വരുന്നത്. ഇവയെ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) പരിധിയില്‍ കൊണ്ടുവരണമെന്നാണ് മുന്‍ ആരോഗ്യ സെക്രട്ടറി അപൂര്‍വ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സമിതി നിര്‍ദേശിച്ചിരിക്കുന്നത്.
ലൈസന്‍സ് നല്‍കുന്നതിനുമുമ്പ് ഉല്‍പന്നങ്ങളില്‍ സൂക്ഷ്മപരിശോധന ഉറപ്പുവരുത്താനാണ് നിര്‍ദേശം. തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനും ഇതിലൂടെ സാധിക്കും.
നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്കാണ് (എന്‍.പി.പി.എ) മരുന്നുകളുടെ വില നിയന്ത്രിക്കാനും മിതമായ നിരക്കില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുമുള്ള അധികാരം. എന്നാല്‍, ഇവ ആരോഗ്യ സപ്ലിമെന്റായി വിപണിയിലിറങ്ങിയാല്‍ അതോറിറ്റിക്ക് നടപടിയെടുക്കാനാവില്ല.
പ്രമുഖ കമ്പനികള്‍ പോലും വില നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉല്‍പന്നങ്ങള്‍ മരുന്ന് വിഭാഗത്തില്‍ നിന്ന് സപ്ലിമെന്റ് വിഭാഗത്തിലേക്ക് മാറ്റുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. വിദഗ്ധ സമിതി ശിപാര്‍ശ നടപ്പിലായാല്‍ ഇത്തരം മരുന്നുകളില്‍ പലതിന്റെയും വില നിര്‍ണയത്തിലും അത് നിര്‍ണായകമാകും.
ആരോഗ്യ സപ്ലിമെന്റുകളുടെ പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സെല്‍ വേണമെന്നും നിര്‍മാണത്തില്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നും സമിതി ശിപാര്‍ശയിലുണ്ട്.





