ഉത്തര ഗസ്സയില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സൈന്യം നടത്തിയ കരയാക്രമണത്തിനിടെയാണ് ഇസ്രായേലിന് തിരിച്ചടി നേരിട്ടത്.
|
മാസ്റ്റര്‍ സര്‍ജന്റ് ഒറി മോശെ ബോറന്‍സ്റ്റിന്‍(32), മേജര്‍ നെതാനെല്‍ ഹെര്‍ഷ്‌കോവിറ്റ്‌സ്(37), മാസ്റ്റര്‍ സര്‍ജന്റ് ടിസ്വി മതിത്യാഹു മരാന്റ്‌സ്(32) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഗസ്സയില്‍ കരയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 353 ആയി.
ALSO READ: ഹിസ്ബുല്ല നേതാവിനെ വധിക്കാനുള്ള ഇസ്രായേല്‍ ശ്രമം പാളി; യുഎന്‍ സംഘത്തിന് നേരെയും ആക്രമണം
ജബലിയ പ്രദേശം ഹമാസ് തിരിച്ചുപിടിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണമെന്നാണ് റിപോര്‍ട്ട്. ഇവിടെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററിന് നേരെയാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
അശ്കലോണില്‍ ഡ്രോണ്‍ ആക്രമണം
ഇസ്രായേലിലെ അശ്കലോണിന് നേരെ ഡ്രോണ്‍ ആക്രമണം. ഡ്രോണ്‍ അതിര്‍ത്തിക്കകത്ത് പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് അപകട സൈറണ്‍ മുഴങ്ങി. ഡ്രോണ്‍ വിജയകരമായി വെടിവച്ചിട്ടെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.
ഇസ്ലാമിക് ജിഹാദ് നേതാവിനെ വധിച്ചെന്ന് ഇസ്രായേല്‍
സെന്‍ട്രല്‍ വെസ്റ്റ് ബാങ്കിലുള്ള നൂര്‍ ശംസ് അഭയാര്‍ത്ഥി ക്യാമ്പിലെ ഇസ്ലാമിക് ജിഹാദ് നേതാവ് മുഹമ്മദ് അബ്ദുല്ലയെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍. ഇന്നലെ നടന്ന വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.


