28
Jul 2024
Fri
28 Jul 2024 Fri
Kerala heavy rain

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ തിരിമുറിയാതെ മഴ. ഒരാഴ്ച്ചയായി സൂര്യപ്രകാശം കാണാനില്ലാത്ത രീതിയില്‍ തിമര്‍ത്തു പെയ്യുകയാണ്. (Heavy rain continues; Orange alert in four districts) കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പ്രൊഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കോഴിക്കോടും കാസര്‍കോടും കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പരീക്ഷകള്‍ക്ക് മാറ്റമില്ല.

കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ദേവികുളം താലൂക്കിലെയും ചിന്നക്കനാല്‍ പഞ്ചായത്തിലേയും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെയാണ് അവധി.

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന് പിന്നാലെ കൊല്‍ക്കത്ത ഭാഗത്ത് മറ്റൊരു ന്യൂനമര്‍ദ്ദ സൂചന കൂടിയുള്ളതിനാല്‍ ശക്തമായ മഴ ഈ മാസം മുഴുവന്‍ തുടരാന്‍ സാധ്യത. വടക്കുഭാഗത്തെ ന്യൂനമര്‍ദ്ദം ഒഡീഷ തീരമേഖലയില്‍ എത്താനാണ് സാധ്യത. അറബിക്കടലിനു സമീപം ചക്രവാതച്ചുഴിയുള്ളതിനാല്‍ കാലവര്‍ഷക്കാറ്റിന്റെ ശക്തി വര്‍ധിക്കും. പലയിടത്തും തീവ്രമഴ പ്രതീക്ഷിക്കുന്നതിനാല്‍ വെളളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാം. വിവിധ ഏജന്‍സികളുടെ നിരീക്ഷണമനുസരിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ കരുതല്‍ വേണ്ടിവരും.

അതിനിടെ കണ്ണൂര്‍-ഇരിക്കൂറില്‍ സംസ്ഥാന പാതയിലേക്ക് മണ്ണിടിഞ്ഞു. ഇരിട്ടി-തളിപ്പറമ്പ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപമാണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയാണ് മണ്ണിടിച്ചിലിനിടയാക്കിയത്.

മഴയില്‍ തേജസ്വിനി പുഴ കരകവിഞ്ഞതോടെ കാര്യങ്കോടും പൊടോത്തുരുത്തിയിലും നിരവധി വീടുകളില്‍ വെള്ളം കയറി. കര്‍ണാടക ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതാണ് പൊടുന്നനെ വെള്ളംകയറാനിടയാക്കിയത്. പൊടോത്തുരുത്തിയില്‍ അഞ്ച് കുടുംബങ്ങളും ചാത്തമത്ത് ഏഴ് കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറി. ഒരു കുടുംബത്തെ ചാത്തമത്ത് ആലയില്‍ ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിലെ ക്യാമ്പിലേക്ക് മാറ്റി.