16
Jun 2024
Sat
16 Jun 2024 Sat
hezbollah change tactics

ബെയ്‌റൂത്ത്: റഫയില്‍ ഇസ്രായേല്‍ തുടരുന്ന ക്രൂരതയ്ക്ക് കടിഞ്ഞാണിടാന്‍ ഒരുങ്ങി ഹിസ്ബുല്ല. ( Hezbollah changes tactics and reveals new strengths to force Gaza ceasefire ) ഏതാനും ദിവസങ്ങളായി തുടരുന്ന മിസൈല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കും. മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍ താലിബ് സമീ അബ്ദല്ല ചൊവ്വാഴ്ച്ച കൊല്ലപ്പെട്ടതിന് പിന്നാലെ 200ലേറെ മിസൈലുകളാണ് ലബ്‌നീസ് പോരാളികള്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ 7ലെ ആക്രമണത്തിന് ശേഷം ഇടയ്ക്കിടെ ചെറിയ ചില ആക്രമണങ്ങള്‍ ലബ്‌നാന്റെ തെക്കന്‍ അതിര്‍ത്തിക്കകത്ത് നിന്നുണ്ടായിരുന്നെങ്കിലും ഇത്ര ശക്തമാവുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിനെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഹിസ്ബുല്ല മിസൈലുകള്‍ തൊടുത്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. തങ്ങള്‍ എന്തിനും തയ്യാറാണെന്ന് ഇസ്രായേലിന് സൂചന നല്‍കുന്നതാണ് ഈ ആക്രമണം.

ഇസ്രായേലിന്റെ നിരവധി അത്യാധുനിക ഹെര്‍മെസ് 900 ഡ്രോണുകള്‍ ഹിസ്ബുല്ല ഇതിനകം വീഴ്ത്തിയി്ടുണ്ട്. ലെബ്‌നീസ് വ്യോമവേധ മിസൈലുകളെ ഭയന്ന് നിരവധി ഇസ്രായേല്‍ യുദ്ധ വിമാനങ്ങളാണ് പിന്മാറിയത്. ഹിസ്ബുല്ലയുടെ പുതിയ നീക്കത്തില്‍ ഇസ്രായേല്‍ അമ്പരന്നിരിക്കുകയാണെന്ന് കാര്‍ഡിഫ് യൂനീവേഴ്‌സിറ്റി പൊളിറ്റിക്‌സ് അധ്യാപകനും ഹിസ്ബുല്ല വിദഗ്ധനുമായ അമല്‍ സഅദ് പറഞ്ഞു.
Israel's Iron Dome defence missile system

ഗസാ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ എങ്ങുമെത്താതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഹിസ്ബുല്ലയുടെ ശക്തമായ നീക്കം. വെടിനിത്തലിന് അമേരിക്ക മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ക്ക് ഹമാസ് മറുപടി നല്‍കിയെങ്കിലും ഇസ്രായേല്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇസ്രായേലിന് മേല്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച് വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഹിസ്ബുല്ലയുടെ പുതിയ നീക്കത്തിന് പിന്നിലുണ്ട്.

ഹിസ്ബുല്ലയുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ അതിര്‍ത്തിക്കകത്ത് വ്യാപക തീപ്പിടിത്തമുണ്ടായി. വന്‍തോതില്‍ കൃഷിയിടങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. തീകെടുത്താനുള്ള സംവിധാനങ്ങള്‍ തേടി പരക്കം പായുകയാണ് പ്രദേശവാസികള്‍.

ലബനാനില്‍ വ്യോമാക്രമണം നടത്തി തിരിച്ചടിക്കുന്നുണ്ടെങ്കിലും ഹിസ്ബുല്ലയുമായി പൂര്‍ണ യുദ്ധത്തിലേക്ക് പോവാന്‍ ഇസ്രായേലിന് താല്‍പര്യമില്ല. ഗസ്സയില്‍ തന്നെ യുദ്ധലക്ഷ്യങ്ങള്‍ നേടാന്‍ കഴിയാതെ ഹമാസില്‍നിന്ന് കനത്ത തിരിച്ചടി നേരിടുന്ന സമ്മര്‍ദ്ദത്തിലാണ് ഇസ്രായേല്‍. ഒരേസമയം, ഒന്നിലധികം യുദ്ധമുഖം തുറക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ല. 2006ല്‍ ഹിസ്ബുല്ലയുമായി ഏറ്റുമുട്ടി തോറ്റോടേണ്ടി വന്ന അനുഭവവുമുണ്ട്. അന്നത്തേതിനേക്കാര്‍ മികച്ച സന്നാഹം ഇപ്പോള്‍ ഹിസ്ബുല്ലക്കുണ്ട്. ഇറാന്റെ ശക്തമായ പിന്തുണയും കരുത്തു നല്‍കുന്നു.