ബെയ്‌റൂത്ത്: ഇസ്രായേലിന്റെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ലബ്‌നാന്‍ പോരാളി സംഘടനയായ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം. (Hezbollah says it fired 100 rockets at Israel in response to assassination of senior commander) ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡറെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ആക്രമണം. ഗോലാന്‍ കുന്നുകളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 100ലേറെ കത്യൂഷ റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹിസ്ബുല്ല അറിയിച്ചു.
|
നഫാ ബാരക്കിലെ ഗോലാന്‍ ഡിവിഷന്‍ ആസ്ഥാനം, കെയ്‌ല ബാരക്കിലെ മിസൈല്‍ പ്രതിരോധ ആസ്ഥാനം എന്നിവ ലക്ഷ്യമിട്ടാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരിലൊരാളായ മുഹമ്മദ് നിമാ നാസറിനെ തയര്‍ നഗരത്തില്‍ വച്ച് കഴിഞ്ഞ ദിവസം ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കു നേരെ നടക്കുന്ന ആറാമത്തെ ആക്രമണമാണിതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഒമ്പത് മാസത്തിനിടെ ഇസ്രായേല്‍ കൊലപ്പെടുത്തുന്ന മൂന്നാമത്തെ മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡറാണ് മുഹമ്മദ് നിമാ നാസര്‍.
അതേസമയം, ഹിസ്ബുല്ലയ്‌ക്കെതിരേ ഏത് തരത്തിലുള്ള നടപടിക്കും ഇസ്രായേല്‍ സന്നദ്ധമാണെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. എന്നാല്‍, ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.


