28
Jul 2023
Fri
28 Jul 2023 Fri

കൊച്ചി: ലിവ് ഇന്‍ റിലേഷനിലുള്ള മലപ്പുറം സ്വദേശിനികളായ ലെസ്ബിയന്‍ പങ്കാളി സുമയ്യ ഷെറിനും സി.എസ് അഫീഫയ്ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പൊലീസ് സംരക്ഷണം തേടി ഇരുവരും നല്‍കിയ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന്‍ ആണ് ഉത്തരവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുത്തന്‍കുരിശ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കും കൊണ്ടോട്ടി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കുമാണ് കോടതിയുടെ നിര്‍ദേശം. അഫീഫയുടെ മാതാപിതാക്കളില്‍നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

മലപ്പുറം സ്വദേശിനികളായ സുമയ്യയും ഹഫീഫയും രണ്ട് വര്‍ഷമായി സൗഹൃദത്തിലാണ്. കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു. അഫീഫയെ വീട്ടുകാര്‍ വീണ്ടും തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിലെ ഹര്‍ജി. സര്‍ക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

സുമയ്യയും ഹഫീഫയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍, മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരുവരും സ്വമേധയാ ഹാജരായി പ്രായപൂര്‍ത്തി ആയതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി വാങ്ങി. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ഒരുമിച്ച് കഴിയവെ കഴിഞ്ഞ് മെയ് 30ന് വീട്ടുകാരെത്തി അഫീഫയെ ബലമായി കൊണ്ടുപോയി. അഫീഫയെ കുടുംബം തടങ്കലില്‍ വച്ചതിനെതിരെ സുമയ്യ രംഗത്ത് വരികയും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.