യുവ എഴുത്തുകാരിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അതേസമയം അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന ഉത്തരവിനും സ്റ്റേയുണ്ട്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
|
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് നിയമിച്ചത്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിധിയില്‍ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിക്കുന്നയാൾ ആണെന്ന ജഡ്ജിയുടെ നിരീക്ഷണം വിവാദമായിരുന്നു. പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നായിരുന്നു കോടതി പ്രസ്താവിച്ചത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ട് ചൂഷണം ചെയ്യുന്ന രീതിയിലുള്ള കുറ്റകൃത്യം പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രതി ജാതി മത വിവേചനങ്ങള്‍ ഉള്ള ആളല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന് തെളിവായി സിവിക് ചന്ദ്രന്റെ ജാതി രേഖപ്പെടുത്താത്ത എസ്എസ്എല്‍സി ബുക്കും കോടതിയില്‍ ഹാജരാക്കിയിരുന്നു. രണ്ടു പേരാണ് സിവിക്കിനെതിരേ പൊലീസിൽ പരാതി നൽകിയത്. ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാൻ പോലും ആകാത്തയാളാണ് താനെന്നും സിവിക് കോടതിയിൽ വാദിച്ചിരുന്നു. ആദ്യ പരാതിയിൽ പൊലീസ് കേസ് എടുത്ത പിന്നാലെ സിവിക് ഒളിവിൽ പോവുകയായിരുന്നു.



