കോഴിക്കോട്: പി എന്‍ ഗോപികൃഷ്ണന്‍ രചിച്ച ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. ഖദീജ മുംതാസ് കവി കല്‍പ്പറ്റ നാരായണന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. വി കെ ബാബു പുസ്തകം പരിചയപ്പെടുത്തി.
|
നമ്മുടെ സംസ്‌കാരത്തെ ഫാഷിസ്റ്റ് രഹിതമാക്കാനുള്ള ചെറിയ ശ്രമമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകത്തിലൂടെ നടത്തിയെന്ന് പി എന്‍ ഗോപീകൃഷ്ണന്‍ പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ശക്തികളെ തോല്‍പ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തന്റെ കൃതിക്കാവുമെന്ന് പ്രതീക്ഷയില്ല. എങ്കിലും നമ്മുടെ അവബോധത്തെ ഹിന്ദുത്വരഹിതമാക്കുകയെന്ന കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ഈ പുസ്തകത്തിന് കഴിയുമെങ്കില്‍ താന്‍ സന്തോഷവാനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ഉല്‍ക്കണ്ഠയെ പുസ്തകരൂപത്തിലാക്കുക എന്ന ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യ എന്നത് ഒരു റെഡിമെയ്ഡ് രാഷ്ട്രമല്ല. വലിയ ഒരു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത രാജ്യമാണ് ഇന്ത്യ. 1946 ആഗസ്ത് മുതല്‍ 1948 വരെ ഗാന്ധിജി എന്തു ചെയ്യുകയായിരുന്നുവെന്നു എന്ന ചോദ്യം ഉന്നയിക്കുകയാണെങ്കില്‍ ഹിന്ദുത്വ വലിച്ചുകീറിയ ഇന്ത്യയെ തുന്നിച്ചേര്‍ക്കുകയായിരുന്നു എന്നാണ് ഉത്തരം.
സവര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ശക്തികള്‍ 1934 മുതല്‍ ആറുതവണയാണ് ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചത്. 1948ലാണ് അവര്‍ അതില്‍ വിജയിച്ചത്. ദ്വിരാഷ്ട്രമെന്ന ആശയം മുഹമ്മദലി ജിന്നയ്ക്ക് ലഭിച്ചത് സവര്‍ക്കറില്‍ നിന്നാണ്. സവര്‍ക്കര്‍ ഒരിക്കലും ബ്രിട്ടീഷ് വിരുദ്ധനായിരുന്നില്ലെന്നും ഹിന്ദുത്വ എന്ന വിഷം നിറച്ച ടെക്‌സ്റ്റ് നിര്‍മിച്ചത് സവര്‍ക്കര്‍ ആയിരുന്നുവെന്നും പി എന്‍ ഗോപീകൃഷ്ണന്‍ പറഞ്ഞു.





