01
Jul 2023
Tue
01 Jul 2023 Tue

വിവാദ പ്രസംഗം: എ.എന്‍ ഷംസീറിനെതിരെ കേരളത്തില്‍ പലയിടത്തും പരാതി; എല്ലാ സംസ്ഥാനങ്ങളിലും പരാതി നല്‍കുമെന്ന് വി.എച്ച്.പി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പേരില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപക പരാതി നല്‍കാന്‍ ഹിന്ദുത്വ സംഘടനകളുടെ തീരുമാനം. പാലക്കാട് നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലുള്‍പ്പെടെ പലയിടത്തും ഇന്നലെ രാത്രി തന്നെ വി.എച്ച്.പി പരാതി നല്‍കി. ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നുമാണ് പരാതി. ഷംസീറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊലീസില്‍ പരാതി നല്‍കി. തിരുവനന്തപുരത്ത് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ് രാജീവ് ആണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. യുക്തിചിന്ത വളര്‍ത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന നടപടിയാണ് സ്പീക്കറുടേതെന്നും പരാതിയിലുണ്ട്.

ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. പൊറുക്കാന്‍ കഴിയാത്ത തെറ്റാണു സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നു വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍രാജശേഖരന്‍ പറഞ്ഞു.

ഈ മാസം 21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി – സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്കു പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണു സ്പീക്കര്‍ പ്രസംഗിച്ചത്. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം വളരെ മുമ്പെ ഉണ്ടെന്നു സ്ഥാപിക്കുകയാണു ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്. എന്നാല്‍, ആദ്യ വിമാനം പുഷ്പകവിമാനമെന്നാണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു പരാമര്‍ശം.