പാലക്കാട്: കോഴിക്കാട്ടെ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ഹണിട്രാപ്പ് ആണോ എന്നതടക്കമുള്ള കാര്യത്തിൽ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരികയുള്ളൂ എന്നും എസ്പി പറഞ്ഞു.
|
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷിബിലിയെയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയെയും റെയിൽവേ സുരക്ഷാ സേനയുടെ സഹായത്തോടെയാണ് പിടികൂടിയത്. ചെന്നൈയിൽ നിന്ന് പിടികൂടി കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇന്ന് രാത്രിയോടെ കേരളത്തിൽ എത്തിക്കും. ഇതിനായുള്ള നടപടികൾ സ്വീകരിച്ച് വരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ കാരണവും കൊലപാതക രീതിയും അറിയാൻ സാധിക്കുകയുള്ളൂ എന്നും എസ്പി പറഞ്ഞു.
ഷിബിലി പോക്‌സോ കേസിൽ പ്രതിയാണെന്ന വിവരവും പുറത്തുവന്നു. കസ്റ്റഡിയിലുള്ള ഫർഹാനയാണ് ഇയാൾക്കെതിരെ 2021ൽ പരാതി നൽകിയത്. ഹോട്ടലിൽ ജോലിക്കെത്തിയ ഷിബിലിനെ ഈ മാസം പതിനെട്ടാം തിയതി ജോലിയോയിൽ നിന്നും പിരിച്ചു വിട്ടത് സ്വഭാവ ദൂഷ്യത്താലെന്ന് റിപ്പോർട്ട്. എല്ലാ വിധ, ആനുകൂല്യങ്ങളും നൽകിയാണ് ഷിബിലിനെ പുറത്താക്കിയത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത ഷിബിലിയും ഫർഹാനയും കോഴിക്കോട് ഹോട്ടലുടമ താമസിച്ച ടൂറിസ്റ്റ് ഹോമിൽ ഒന്നാം നിലയിൽ റൂം എടുത്തിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഇരുവരിലേക്കും എത്താൻ സാധിച്ചത്.
കേസിൽ 22കാരനായ ഷിബിലിയും പെൺസുഹൃത്ത് 18 വയസ്സുകാരിയായ ഫർഹാനയും ഫർഹാനയുടെ സുഹൃത്ത് ആഷിക്കും നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. റൂമിൽ പെട്ടിയെത്തിച്ചത് ആഷിക്കാണെന്നും പോലിസ് പറഞ്ഞു.
അതേസമയം മൊബൈൽ ഫോൺ, സിസിടിവി എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് മൃതദേഹം അട്ടപ്പാടിയിൽ ഉണ്ടെന്ന് മനസിലായത്. ചിക്കു ആണ് കസ്റ്റഡിയിലെടുത്ത മൂന്നാമത്തെ പ്രതി. മൂന്നുപേർക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഫർഹാനയുടെ സുഹൃത്താണ് ചിക്കു. 18നും 19നും ഇടയിലാണ് കൊലപാതകം നടന്നത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.





