25
Nov 2024
Wed
25 Nov 2024 Wed
human rights commission took case over death of woman under treatment in Calicut medical college

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ച യുവതി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര കൂത്താളി സ്വദേശിനിയും മൂന്നു കുട്ടികളുടെ അമ്മയുമായ രജനി യഥാസമയം ചികില്‍സ നല്‍കാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടില്‍ നിന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ നവംബര്‍ നാലിനാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമാവുകയും മരിക്കുകയുമായിരുന്നു. കൃത്യമായി രോഗ നിര്‍ണയം നടത്താതെ ചികിത്സ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായതെന്നും എന്നാല്‍ മനോരോഗ ചികിത്സയാണ് രജനിക്ക് നല്‍കിയതെന്നും ഭര്‍ത്താവ് ഗിരീഷ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. നാലു ദിവസങ്ങള്‍ക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോള്‍ ന്യൂമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. പിന്നീട് നില വഷളാവുകയും മരിക്കുകയുമായിരുന്നു.