അമേരിക്കയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. കാറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രത. (Hurricane Milton strengthen to category 5 in Florida) ഫ്‌ളോറിഡയില്‍ കനത്ത നാശ നഷ്ടത്തിന് സാധ്യതയുള്ളതാാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
|
ഫ്‌ളോറിഡ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജയിലുകളില്‍ നിന്നും തടവുകാരെ ഉള്‍പ്പെടെഒഴിപ്പിച്ചു. അന്തേവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഒഴിപ്പിക്കല്‍.
ജോര്‍ജിയയിലും ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച്, കൊടുങ്കാറ്റ് മണിക്കൂറില്‍ 165 മൈല്‍ വേഗതയിലാണ് വീശുന്നത്. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് ബുധനാഴ്ച രാത്രിയോടെ കാറ്റ് കരതൊടുമെന്നാണ് പ്രവചിക്കുന്നത്.

ഭീകരമായ നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വിപുലമായ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനമാണ് ഫ്‌ളോറിഡയില്‍ നടന്നത്.
കാറ്റ് അതിവേഗം കുതിച്ചെത്തുന്നതിനാല്‍ ഒട്ടും സമയമില്ലെന്നും കഴിയുന്നത്ര വേഗം ടാംപാ ബേ മേഖലയില്‍ നിന്നും ചുഴലിക്കാറ്റിന്റെ പാതയില്‍ നിന്നും ഒഴിഞ്ഞുപോകണമെന്നും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അഭ്യര്‍ഥിച്ചിരുന്നു.
മുന്നറിയിപ്പിനെ തുടര്‍ന്ന് ഫ്‌ളോറിഡ നിവാസികള്‍ കൂട്ടപ്പലായനം ചെയ്യുകയാണ് ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലേക്കും മിയാമിയിലേക്കുമാണ് പ്രദേശവാസികള്‍ നീങ്ങിയത്. കൂട്ടപ്പലായനത്തെ തുടര്‍ന്ന് പ്രധാന പാതകളില്‍ ഗതാഗത സ്തംഭനമുണ്ടായി.

വിമാനത്താവളങ്ങളും ഗതാഗത സേവനങ്ങളും അടച്ചു. ടാംപാ ബേ നഗരത്തെയാവും ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. മെക്സിക്കോയിലും കൂട്ട ഒഴിപ്പിക്കല്‍ ആരംഭിച്ചു. സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ കനത്ത വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം സജ്ജമാണ്.
ചുഴലിക്കാറ്റുകളുടെ ശക്തിയനുസരിച്ച് മാരക പ്രഹരശേഷിയുള്ള കാറ്റഗറി അഞ്ചിലാണ് മില്‍ട്ടണെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഫ്‌ളോറിഡയില്‍ കനത്ത മഴയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
10 മുതല്‍ 15 അടി വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചേക്കും. രണ്ട് കോടിയോളം ആളുകളാണ് ഫ്‌ളോറിഡയില്‍ മാത്രം പ്രളയഭീതിയില്‍ കഴിയുന്നത്. ചുഴലിക്കാറ്റ് തീരം തൊട്ടുകഴിഞ്ഞാല്‍ ശക്തി കുറയാന്‍ തുടങ്ങുമെങ്കിലും മില്‍ട്ടന്റെ പ്രഹരം ചരിത്രത്തിലെ തന്നെ ഏറ്റവും കനത്തതായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.


