ഒന്നാം ഭാര്യയുടെ കൂട്ടുകാരിയെ പ്രണയിച്ചു, ഏറെക്കാലം ലിവിങ് ടുഗദര്‍, വിവാഹശേഷം മറ്റൊരാളുമായി അവിഹതമെന്ന് സംശയമുണ്ടായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊന്നു; ചോറ്റാനിക്കരയില്‍ യുവാവ് അറസ്റ്റില്‍
|
കാച്ചി: യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ആത്മഹത്യയാണെന്ന് വരുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചോറ്റാനിക്കര എരുവേലി പാണക്കാട്ടുവീട്ടില്‍ ഷൈജുവിനെയാണു (37) റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെയും പുത്തന്‍കുരിശ് ഡിവൈഎസ്പി ടി ബി വിജയന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ചോറ്റാനിക്കര എരുവേലി പാണക്കാട്ടുവീട്ടില്‍ ശാരി(37) ആണ് മരിച്ചത്. യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു എന്ന പരാതിയില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ക്രിസ്മസ് തലേന്നാണ് സംഭവം. രാത്രി പത്തരയോടെ ഭാര്യ കുഴഞ്ഞു വീണതാണെന്നറിയിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഷൈജു ശാരിയെ ആശുപത്രിയിലെത്തിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ക്കും പൊലീസിനും തോന്നിയ സംശയമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ശാരി വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതാണെന്നാണു പിന്നീട് പൊലീസിനോടു ഷൈജു പറഞ്ഞത്. ശാരിയെ രക്ഷിക്കാന്‍ ഷാള്‍ മുറിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും പറഞ്ഞു. മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലം പരിശോധിച്ചതോടെ ഭര്‍ത്താവിനെ കൂടുതല്‍ ചോദ്യംചെയ്തു. ഇതിനില്‍നിന്നാണ് സത്യാവസ്ഥ പുറത്തായത്.
ആദ്യ ഭാര്യയുടെ സുഹൃത്തായ ശാരിയുമായി അടുപ്പത്തിലായ ഷൈജു 13 വര്‍ഷത്തോളമായി എരുവേലിയിലെ വീട്ടില്‍ അവരോടൊപ്പമാണു താമസം. 5 വര്‍ഷം മുന്‍പ് ഇരുവരും വിവാഹവും കഴിച്ചു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാല്‍ കുറച്ചുകാലങ്ങളായി ശാരിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.
25ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. അവശനിലയിലായപ്പോള്‍ കഴുത്തില്‍ ചുരിദാര്‍ ഷാള്‍ മുറുക്കി. മരണം ഉറപ്പാക്കാന്‍ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും മൂക്കിലും ചേര്‍ത്ത് അമര്‍ത്തി. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ഷാളുകള്‍ കൂട്ടിക്കെട്ടി മൃതദേഹം കിടപ്പുമുറിയുടെ കഴുക്കോലില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. വിഫലമായപ്പോള്‍ ഷാള്‍ മുറിച്ചശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവസ്ഥലത്തെ തെളിവുകളും ഷൈജുവിന്റെ പരസ്പരവിരുദ്ധമായ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തില്‍ നിര്‍ണായകമായി.





