കൊച്ചി: ചാനൽ ചർച്ചക്കിടെ സാങ്കേതിക പിഴവ് സംഭവിച്ചപ്പോഴുണ്ടായ തന്റെ റിയാക്ഷനിൽ പ്രതികരണവുമായി 24 ന്യൂസ് അവതാരകൻ ഹാഷ്മി താജ് ഇബ്രാഹീം. ഞാൻ സാധാരണക്കാരനാണെന്നും ദേഷ്യവും കരച്ചിലും സന്തോഷവും വരുമ്പോൾ മറച്ചുപിടിക്കാൻ കഴിയില്ലെന്നും ഹാഷ്മി പ്രതികരിച്ചു. വെള്ളിയാഴ്ച വൈകീട്ട് സുധാകരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന ലൈവ് ചർച്ചയ്ക്കിടെ ഹാഷ്മിയുടെ പെട്ടെന്നുണ്ടായ ഭാവവ്യത്യാസം സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോളുകൾക്ക് വഴിവച്ചിരുന്നു. രണ്ട് മൂന്ന് സെക്കന്റ് നേരത്തെ ദൃശ്യം മാത്രമാണ് പുറത്തുവന്നതെങ്കിലും ആ ദൃശ്യങ്ങൾ ഉപയോഗിച്ച് നിരവധി ട്രോളുകൾ ഇറങ്ങിയതോടെയാണ് ഹാഷ്മി പ്രതികരണവുമായി വന്നത്.
|
അതൊരു ദേഷ്യപ്പെടലോ അസഹിഷ്ണുതയോ ആയിരുന്നില്ലെന്നും സ്വാഭാവികമായ ഭാവ വ്യത്യാസം മാത്രമാണെന്നും ഹാഷ്മി പറഞ്ഞു. ചാനൽ അവതരണത്തിനിടെ യുട്യൂബ് കമന്റിലൂടെ വിഷയത്തെക്കുറിച്ച് വന്ന പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരന്നു ഹാഷ്മി.
‘ഒരു പ്രേക്ഷകൻ ചോദിക്കുന്നുണ്ട്, ഇന്നലത്തെ ഹാഷ്മിയുടെ ഷൗട്ടിങ് നേരിൽ കണ്ടുവെന്ന്. ഹാഷ്മിയുടെ അസഹിഷ്ണുത കണ്ടു എന്ന് വേറൊരു പ്രേക്ഷകൻ പറയുന്നു. അത് ഷൗട്ടിങ്ങോ അസഹിഷ്ണുതയോ ഒന്നും ആയിരുന്നില്ല. അത് കണ്ട പ്രേക്ഷകരോട് പറയുകയാണ്, അതൊരും സ്വാഭാവിക പ്രതികരണം ആയിരുന്നു. ചർച്ചയ്ക്കിടെ കെ. സുധാകരന്റെ ഒരു ബൈറ്റ് നമ്മൾ കൊടുക്കാൻ പറഞ്ഞപ്പോൾ സാങ്കേതിക പിഴവ് കാരണം മറ്റൊരു വീഡിയോ വരുകയായിരുന്നു. സ്വാഭാവികമായും ചർച്ചയിൽ നമ്മൾ ഇൻവോൾവായി നിൽക്കുന്ന സമയമായിരുന്നതിനാൽ അതിന്റെ ഇടയിൽ നടന്ന ഭാവമായിരുന്നു അത്. അല്ലാതെ അസഹിഷ്ണുത ഒന്നും അല്ല. നമ്മളൊക്കെ സാധാരണ മനുഷ്യരാണ്. സങ്കടവും ദേഷ്യവും കരച്ചിലും സന്തോഷവുമൊക്കെ വരുന്ന, അത് വരുമ്പോഴൊന്നും ബോധപൂർവം മറച്ചുപിടിക്കാൻ അറിയാത്ത സാധാരണ മനുഷ്യനാണ്. കുറച്ചു ട്രോളൊക്കെ ഉണ്ട്. എന്നാലും എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ അത് മനസിലാക്കുമെന്ന് അറിയാം’ – ഹാഷ്മി താജ് കൂട്ടിച്ചേർത്തു.
I am a normal person, I can’t consciously hide when I’m angry, crying or happy says 24 news anchor Hashmi taj





