കണ്ണൂര്‍: കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം പി.ജയരാജന്‍. (I did not said that recruitment to IS is taking place from Kerala: P Jayarajan) ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ച് സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളാണ് ഈ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.
|
മുമ്പ് വിരലിലെണ്ണാവുന്നവരെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ തന്റെ വാക്കുകളെ വളച്ചൊടിച്ച് സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളെ ഏറ്റുപിടിച്ച് ദീപിക മുഖപ്രസംഗം വരെയെഴുതി. ഇതരമത വിരോധം പിന്‍തുടരുന്ന കാസയുടെ വാദങ്ങള്‍ ഏറ്റുപിടിക്കാതിരിക്കാന്‍ പത്രം ശ്രമിക്കണമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
ഒക്ടോബറില്‍ പുറത്തിറങ്ങുന്ന കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന തന്റെ പുസ്തകത്തിലെ ഒരു ഭാഗം സംബന്ധിച്ചാണ് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത്. ഹിന്ദുത്വ വര്‍ഗീയത ആണ് രാജ്യത്തിലെ ജനാധിപത്യ വ്യവസ്ഥക്ക് ഏറ്റവും അപകടമെന്നും രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം എന്നും അകറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
ALSO READ: ലബ്‌നാനില്‍ നടന്നത് ഇസ്രായേല്‍ ഭീകരാക്രമണം; വാക്കിടോക്കി പൊട്ടിത്തെറിയില്‍ മരണം 20 ആയി
എന്നാല്‍ ‘ആഗോള സമാധാനത്തിന്റെ യഥാര്‍ത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമാണ്’ എന്ന ദീപികയുടെ മുഖപ്രസംഗത്തിനോട് വിയോജിപ്പുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വമാണ് ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രുവെന്നും രാജ്യത്തിന്റെ ഏററവും വലിയ ശത്രുവെന്നും പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിരുവോണദിവസം ഒരു പ്രാദേശിക ചാനല്‍ സംപ്രേഷണം ചെയ്ത എന്റെ അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ചത് സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളാണ്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചിലരും ആ വഴി പിന്തുടര്‍ന്നു.
ബുധനാഴ്ചത്തെ ദീപിക പത്രത്തിന്റെ മുഖപ്രസംഗം ഇതേ വിഷയത്തെ കുറിച്ചാണ്. കേരളം : മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന എന്റെ ഒക്ടോബറില്‍ പ്രകാശനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പുസ്തകത്തിലെ ഒരു ഭാഗം സംബന്ധിച്ചാണ് ദീപികയുടെയും അഭിപ്രായപ്രകടനം. പുസ്തകം വിശദമായി വായിക്കുന്നതിന് മുമ്പാണ് ഈ അഭിപ്രായപ്രകടനങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. അതിനാല്‍ വിശദമായ ചര്‍ച്ച പുസ്തക പ്രകാശനത്തിന് ശേഷമാവാം. പക്ഷെ ചില കാര്യങ്ങളെ കുറിച്ച് പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു
1. രാഷ്ട്രീയ ഇസ്ലാമിനെ സിപിഐഎം എല്ലായ്പ്പോഴും അകറ്റി നിര്‍ത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, ഏകീകൃത സിവില്‍ കോഡ് എന്നീ വിഷയങ്ങളില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള ഇസ്ലാമിസ്റ്റുകളുമായി യോജിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല.
2. ഹിന്ദുത്വ വര്‍ഗീയത ആണ് രാജ്യത്തിലെ ജനാധിപത്യ വ്യവസ്ഥക്ക് ഏറ്റവും അപകടകരം എന്നാണ് സിപിഐഎം കരുതുന്നത്. അതേസമയം ആ വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ ന്യുനപക്ഷ വര്‍ഗീയ നീക്കങ്ങളെയും പാര്‍ട്ടി ശക്തമായി എതിര്‍ത്തു പോന്നിട്ടുണ്ട്. ഉദാഹരണത്തിന് തുര്‍ക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്ലിം പള്ളിയായി പരിവര്‍ത്തിച്ചപ്പോള്‍ അതിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിനെ ശക്തമായി എതിര്‍ത്തത് സിപിഐഎം ആണ്.
ചുരുക്കം വരുന്ന വഖഫ് ബോര്‍ഡ് നിയമന പ്രശ്‌നത്തില്‍ മുസ്ലിം പള്ളികള്‍ക്കകത്ത് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ പ്രസംഗം നടത്താന്‍ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവന്നപ്പോള്‍ ഇത് മതവികാരം ഇളക്കിവിട്ടു നടത്തുന്ന വര്‍ഗീയ പ്രവര്‍ത്തനമാണെന്ന് തുറന്ന് കാട്ടിയതും പാര്‍ട്ടിയും എല്‍ഡിഫ് സര്‍ക്കാരുമാണ്. സുന്നി മത സംഘടനകള്‍ ലീഗിന്റെയും ഇസ്ലാമിസ്റ്റുകളുടെയും നിലപാടിനെതിരെ ഉറച്ച സമീപനം സ്വീകരിച്ചതോടെ അവര്‍ക്ക് പിന്‍വാങ്ങേണ്ടി വരികയും കോഴിക്കോട് കടപ്പുറത്ത് ലീഗ് നേതാക്കള്‍ക്ക് പ്രസംഗം നടത്തി തടിതപ്പേണ്ടി വന്നതും സമീപകാല സംഭവ വികസമാണ്
3.’ആഗോള സമാധാനത്തിന്റെ യഥാര്‍ത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമാണ് ‘ എന്ന മുഖപ്രസംഗത്തിലെ വാചകത്തോട് ശക്തമായ വിയോജിപ്പുണ്ട്. ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാടു കാണാതിരിക്കലാണ്. ലോക പോലീസ് ചമഞ്ഞു യുദ്ധങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്തമാണ് ലോക സമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു.
80തില്‍ അധികം രാജ്യങ്ങളില്‍ 750 അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇന്ന് അമേരിക്കക്ക് ഉണ്ട്. റഷ്യ-ഉക്രൈന്‍ യുദ്ധം നീണ്ടു പോകുന്നത് ഉക്രൈന് നല്‍കുന്ന സാമ്പത്തിക-യുദ്ധോപകരണ സഹായത്താലാണ്. ലോകത്തെ മൊത്തം സൈനിക ചിലവിന്റെ 40%വും നിര്‍വഹിക്കുന്നത് അമേരിക്കയാണ്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലക്ക് പിന്തുണ നല്‍കുന്നതും അമേരിക്കയാണ്. അത്തരമൊരു ശക്തിയെ കുറിച്ച് അറിയാത്തത് കൊണ്ടാണോ മുഖപ്രസംഗം മേല്‍പ്പറഞ്ഞ വിധം വിലയിരുത്തിയത്.
മുഖപ്രസംഗത്തില്‍ ദീപിക പറയുന്നു ‘പലസ്തീനില്‍ വീട് നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നതുകൊണ്ട് നമുക്കവരോട് സഹതാപമുണ്ട്.’ ലോകത്തെമ്പാടുമുള്ള മനുഷ്യ സ്നേഹികള്‍ ഇസ്രയേലിന്റെ വംശഹത്യക്കെതിരായി പ്രതികരിക്കുമ്പോള്‍ ദീപികക്ക് മാധ്യമങ്ങള്‍ പറയുന്നതുകൊണ്ടുള്ള സഹതാപം മാത്രമേ ഉള്ളൂ എന്നത് അതിശയകരമാണ്.
82% ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയാണ് ഗാസയില്‍ നടക്കുന്ന വംശഹത്യക്കെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് കൊടുത്തതും അനുകൂല വിധി സമ്പാദിച്ചതും. ഇതൊന്നും പത്രം അറിഞ്ഞ മട്ടില്ലെന്ന് തോന്നുന്നു.
അവര്‍ ചോദിക്കുന്നത് അസര്‍ബയ്ജാനിലെ ക്രിസ്ത്യന്‍ ജനവിഭാഗത്തിനെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നാണ്. പഴയ സോവിയറ്റ് യൂണിയന്‍ വിഘടിക്കപ്പെട്ടതോടെ രൂപംകൊണ്ട പല രാജ്യങ്ങളിലും വംശീയമായ ഏറ്റുമുട്ടല്‍ നടന്നുവരുന്നുണ്ട്.
ഇവക്കെല്ലാം മതനിരപേക്ഷമായ പരിഹാര നടപടിയാണാവശ്യം എന്നാല്‍ അവിടങ്ങളിലൊക്കെ അത്തരം വിഭാഗങ്ങളില്‍ തീവ്രവാദ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വംശീയ ഗ്രൂപ്പുകള്‍ കൂടി ഉണ്ടെന്നത് തിരിച്ചറിയണം. പലസ്തീനികളുടെ രാഷ്ട്ര സ്ഥാപനത്തിന്റെ വിഷയം ഇതില്‍ നിന്നെല്ലാം ഭിന്നമാണ്. പലസ്തീനികളുടെ ഈ അവകാശം കവര്‍ന്നെടുക്കാന്‍ ഇസ്രയേല്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നിലും അമേരിക്കയാണ്.
4. ലോകത്ത് ഇസ്ലാമിസ്റ്റുകള്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ ഞാനും കാണാതിരിക്കുന്നില്ല. പക്ഷെ ഇസ്ലാമിസ്റ്റുകളെ അമേരിക്ക പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്ന ചരിത്ര യാഥാര്‍ഥ്യം വിസ്മരിക്കാനും പാടില്ല. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെ കുറിച്ചും ഇസ്ലാമിസ്റ്റുകളെ കുറിച്ചും സജീവമായി ചര്‍ച്ച ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാവിക്ക് അത്യാവശ്യമാണ് അത്തരം ചര്‍ച്ചകളില്‍ ദീപിക പത്രത്തിനും പങ്കു വഹിക്കാനാകും. അത്തരം ചര്‍ച്ചകള്‍ തുടരണം. പക്ഷെ 2019ന് ശേഷം കേരളത്തിലെ ക്രിസ്തീയ ജനവിഭാഗങ്ങളില്‍ അതേവരെ ഇല്ലാത്ത ഇതരമത വിരോധം പരത്തുന്ന ‘കാസ’യുടെ വാദങ്ങള്‍ ഏറ്റുപിടിക്കാതിരിക്കാനും ശ്രമിക്കണം.
5. കേരളത്തില്‍ ഇപ്പോള്‍ ഐസ്.ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല. മുമ്പ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.


