ബെയ്‌റൂത്ത്: ലബ്‌നാനില്‍ രണ്ടു ദിവസം തുടര്‍ച്ചയായി നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്രായേലെന്നുറപ്പിച്ച് ഹിസ്ബുല്ല. (Israeli terrorist attack in Lebanon; Death toll rises to 20 in walkie-talkie blast) ആക്രമണത്തില്‍ തങ്ങളുടെ പങ്ക് ഉറപ്പിക്കുന്ന രീതിയില്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവനയും പുറത്തു വന്നിട്ടുണ്ട്. യുദ്ധത്തില്‍ പുതിയ മുഖം തുറക്കുകയാണെന്നും ആക്രമണത്തിന്റെ ശ്രദ്ധ വടക്കു നിന്ന് തെക്കോട്ട് മാറുകയാണെന്നുമാണ് ഗാലന്റ് പ്രതികരിച്ചത്. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ നേരിട്ട് ഇതുവരെ ഏറ്റെടുത്തിട്ടില്ല.
|
അതേ സമയം, ലബനാനിലുണ്ടായ വാക്കി-ടോക്കി പൊട്ടിത്തെറിയില്‍ മരണം 20 ആയി. 450 പേര്‍ക്കാണ് പരിക്കേറ്റത്. മൂവായിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിക്കുകയും 3000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെയാണ് വാക്കി ടോക്കികളും പൊട്ടിത്തെറിച്ചത്.
ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി-ടോക്കികളില്‍ ഒരേ സമയം സ്‌ഫോടനം നടന്നത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്ന് ലബനന്‍ മാധ്യമങ്ങള്‍ പറയുന്നു.
ALSO READ: ലബനാനില്‍ പേജറുകള്‍ക്ക് പിന്നാലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു; 9 മരണം
കഴിഞ്ഞ ദിവസമാണ് ലബ്‌നീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല ആശയ വിനിമയത്തിനുപയോഗിക്കുന്ന ‘പേജറു’കള്‍ വ്യാപകമായി പൊട്ടിത്തെറിച്ചത്. ഇസ്രായേല്‍ ഹാക്ക് ചെയ്യാനും നില്‍ക്കുന്ന സ്ഥലം കണ്ടെത്താനും സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല അംഗങ്ങളോട് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍നിന്ന് പേജറുകള്‍ വാങ്ങി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. എന്നാല്‍, പൊട്ടിത്തെറിച്ച പേജറുകള്‍ വന്നത് തായ്‌വാനില്‍ നിന്നല്ലെന്ന കമ്പനി അറിയിച്ചു. തങ്ങളുടെ ബ്രാന്‍ഡ് നെയിമില്‍ ഹംഗറിയിലെ ബി.എ.സി കണ്‍സല്‍ട്ടിങ് എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചതെന്ന് തായ്‌വാന്‍ കമ്പനി പ്രതികരിച്ചു.
പൊട്ടിത്തെറിച്ച പേജറുകളില്‍ നിര്‍മാണ ഘട്ടത്തില്‍തന്നെ മൂന്ന് ഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. ബാറ്ററിക്കുള്ളിലാണ് സ്‌ഫോടക വസ്തു ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക സന്ദേശം അയച്ച് ഒരേസമയം പൊട്ടിത്തെറിക്കുന്ന വിധത്തിലുള്ള ഓപറേഷന് പിന്നില്‍ ചുരുങ്ങിയത് മൂന്നുമാസത്തെ ആസൂത്രണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ നേര്‍ക്കാണ് സംശയമുന നീളുന്നത്. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച ഹിസ്ബുല്ല ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എന്നില്‍ പരാതി നല്‍കുമെന്ന് ലബ്‌നാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഭീതി പരത്തുക ലക്ഷ്യം
ഇസ്രായേലിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുന്ന ഹിസ്ബുല്ല പോരാളികള്‍ക്കിടയിലും ലബ്‌നീസ് ജനതയിലും ഭീതി ജനിപ്പിക്കുന്ന മനശ്ശാസ്ത്ര യുദ്ധമാണ് പൊട്ടിത്തെറികളിലൂടെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഹിസ്ബുല്ലയുടെ കമ്യൂണിക്കേഷന്‍ സംവിധാനം താറുമാറാക്കുകയെന്നതും പൊട്ടിത്തെറിക്കു പിന്നിലുണ്ട്.
അന്വേഷിക്കുമെന്ന് ജാപ്പനീസ് കമ്പനി
ലബ്‌നാനിലെ വാക്കി ടോക്കി പൊട്ടിത്തെറിയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജാപ്പനീസ് കമ്പനിയായ ഐകോം. കമ്പനിയുടെ ലോഗോയോട് കൂടിയ വാക്കി ടോക്കികളും കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചിരുന്നു. ടോക്കിയോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഐകോം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഐകോം അറിയിച്ചു.


