ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്ഐടി) തലവന്‍ ഡിജിപി പ്രണബ് മൊഹന്ദി ചുമതലയില്‍നിന്ന് മാറിയേക്കുമെന്ന് അഭ്യൂഹം. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ കേന്ദ്രസര്‍വീസില്‍ നിയമിക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയതോടെയാണിത്.
|
ഡയറക്ടര്‍ ജനറല്‍ റാങ്ക് ഓഫീസര്‍മാരായി നിയമിക്കാനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പാനലിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രണബ് മൊഹന്ദി കേന്ദ്ര സര്‍വീസിലേക്ക് പോയാല്‍ ധര്‍മസ്ഥല എസ്ഐടിയുടെ തലവനായി മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച ബെംഗളൂരുവില്‍ പറഞ്ഞു.
അതേസമയം, പ്രണബ് മൊഹന്ദി ഇതുവരെ തീരുമാനമറിയിച്ചിട്ടില്ല. മൊഹന്ദിയെ എസ്‌ഐടി തലവന്‍ സ്ഥാത്തു നിന്നു മാറ്റുന്ന കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു. ഇതേക്കുറിച്ച് തെറ്റായ വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ഐടി രൂപീകരിക്കുമ്പോള്‍ ഡിജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അതിന്റെ തലപ്പത്തു വേണമെന്നത് സര്‍ക്കാര്‍ തീരുമാനമാണ്. നിലവിലുള്ള മേധാവിയെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല. ഇതേക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്- പരമേശ്വര പറഞ്ഞു.
ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ ചുമതലയുള്ള ഡിജിപിയാണ് പ്രണബ് മൊഹന്ദി. അദ്ദേഹത്തിനുപുറമേ ഡിഐജി(റിക്രൂട്ട്മെന്റ്) എം.എന്‍. അനുചേത്, ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്.കെ. സൗമ്യലത, ആഭ്യന്തര സുരക്ഷാ ഡിവിഷന്‍ എസ്പി ജിതേന്ദ്രകുമാര്‍ ദയാമ എന്നിവരാണ് എസ്ഐടിയുടെ നേതൃത്വത്തിലുള്ളത്. ഇതിനുപുറമേ 20 പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.


