|
ഇസംത്ബൂൾ: തുർക്കിയുടെയും സിറിയയുടെയും അതിർത്തിപ്രദേശങ്ങളിലുണ്ടായ ഉഗ്രൻ ഭൂചലനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000 കവിഞ്ഞു. തുർക്കിയിൽ മാത്രം 12,300 പേരിലധികം പേർ മരിച്ചു. സിറിയയിൽ മരണസംഖ്യ 3000 കടന്നു. ഇരു രാജ്യങ്ങളിലുമായി ഒരു ലക്ഷത്തിലേറെ പേർ ചികിത്സയിലുണ്ട്. ഭൂകമ്പം നടന്ന് നാലാംദിവസവും തകർന്ന ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. തുടർ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.
വമ്പൻ ഭൂചലനത്തിൽ കോൺക്രീറ്റ് കട്ടകൾക്കിടയിൽ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ . പലരുടേയും പുറത്തേക്ക് വലിയ കോൺക്രീറ്റ് പാളികൾ വീണു . കെട്ടിടങ്ങൾ വൻ ശബ്ദത്തോടെ വീണപ്പോൾ അതിനിടയിൽ കുടുങ്ങിയവരും പതിനായിരത്തിലേറെ.മനുഷ്യർ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിൻറെ ഭാരം പേറുന്നു.
ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകൾ ചികിത്സ കിട്ടാതെ കഴിയുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു . പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയിൽ എത്തിക്കാനുള്ള മാർഗങ്ങൾ അടയുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ നിന്ന് സഹായത്തിനായുള്ള നിലവിളികൾ ഉയരുന്നുണ്ടെങ്കിലും രക്ഷിക്കാനുള്ള ഉപകരണങ്ങളുടെ കുറവും ഉണ്ട്.
മൃതദേഹങ്ങൾ മൂടാനുള്ള ബാഗുകളുടെ ദൗർലഭ്യം വലിയ വെല്ലുവിളി ഉയർത്തുന്നു. ഇസ്താംബുൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് താൽക്കാലികമായി നിർത്തി. തുർക്കി പ്രസിഡന്റ്‌റജബ് ത്വയ്യിബ് എർദോഗൻദുരന്തമേഖലകൾ സന്ദർശിച്ചു. ദുരന്തത്തിന്റെ വ്യാപ്തി അളക്കാൻ ആയിട്ടില്ലെന്ന് എർദോഗൻ പറഞ്ഞു.



