28
Jul 2024
Sun
28 Jul 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ആറാംദിനത്തിലേക്ക് കടന്നു. ആറാം ദിനമായ ഇന്നും തിരിച്ചില്‍ തുടരുകയാണ്. അത്യാധുനിക റഡാര്‍ ഉപയോഗിച്ചുളള പരിശോധനയാണ് നടക്കുന്നത്. ദൗത്യത്തില്‍ പങ്കുചേരാനായി സൈന്യം ഇന്നെത്തും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പില്‍ നിന്നുളള സൈന്യമാണ് രക്ഷാദൗത്യത്തിനിറങ്ങുന്നത്. 40 പേരടങ്ങുന്ന സൈനികസംഘമാണ് എത്തുക. കനത്ത മഴയാണ് രാവിലെ ഷിരൂരില്‍ പെയ്യുന്നത്.

കനത്തമഴയെത്തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് രക്ഷാദൗത്യം രാവിലെ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരച്ചിലിന് ഐഎസ്ആര്‍ഒയുടെ സംഘവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്.

ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഷിരൂരില്‍ മഴപെയ്യുന്നത് ആശങ്ക ഉയര്‍ത്തുന്നു. മംഗളുരുവിരില്‍ നിന്ന് റഡാര്‍ എത്തിച്ചാണ് മണ്ണിടിഞ്ഞ സ്ഥലത്ത് പരിശോധന നടത്തുന്നത്. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുന്നത്. നേരത്തെ റഡാറില്‍ മൂന്ന് സിഗ്‌നലുകള്‍ ലഭിച്ചിരുന്നു. നിലവില്‍ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്‌നല്‍ പ്രകാരമാണ് തെരച്ചില്‍ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്‌നല്‍ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം. സിഗ്‌നല്‍ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. എഴുപത് ശതമാനം യന്ത്രഭാഗങ്ങള്‍ തന്നെ ആയിരിക്കാം എന്നാണ് റഡാര്‍ സംഘം വ്യക്തമാക്കുന്നത്.

സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് കൂടുതല്‍ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്‌നല്‍ ലഭിച്ച ഈ സ്ഥലം മാര്‍ക്ക് ചെയ്ത് മണ്ണെടുത്ത് മാറ്റുകയാണ്. ഇതിനിടെ ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് ഐ.ഐ.ടി സംഘം നിഷേധിച്ചു. സിഗ്‌നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍.ഐ.ടി സംഘം വ്യക്തമാക്കി. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ സിഗ്‌നല്‍ കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വന്‍മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാലാണ് പ്രയാസം നേരിടുന്നത്. ഷിരൂരിലെ മണ്ണിടിച്ചിലില്‍ കൂടുതല്‍പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നാമക്കല്‍ സ്വദേശിയായ ലോറി െ്രഡെവര്‍ ശരവണന്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്ന് സൂചന. അപകടസ്ഥലത്ത് നിന്നും ശരവണന്റെ ലോറി കണ്ടെത്തി. ഇതിനിടെ കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി സംഭവ സ്ഥലമായ ഷിരൂര്‍ സന്ദര്‍ശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് കുമാരസ്വാമി പ്രതികരിച്ചു. സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എന്‍.ഡി.ആര്‍.എഫ് സംഘം അവരുടെ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി വ്യക്തമാക്കി. എട്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നുണ്ട്. മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്. എഴുപതിലധികം പേര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

Indian Army will arrive Shirur today to search for Arjun