കൊച്ചി: സമകാലിക ഇന്ത്യയില്‍ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഭയത്തിന്റെ ലോകത്താണെന്ന് മാധ്യമ നിരീക്ഷകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. ജനാധിപത്യത്തിന്റെ സുസ്ഥിര നിലനില്‍പ്പിന് അനിവാര്യമായ മാധ്യമങ്ങള്‍ ഇന്ന് എവിടെ നില്‍ക്കുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. നിഷ്പക്ഷമായ, നിര്‍ഭയമായ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ മേഖലയില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുള്ള കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് മാധ്യമ ലോകം അടക്കി ഭരിക്കാന്‍ കഴിയുന്നു എന്ന അവസ്ഥയാണിന്ന്. 80 ശതമാനം ജനങ്ങള്‍ ആശ്രയിക്കുന്ന 70 മാധ്യമങ്ങള്‍ അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലാണെന്നത് ഇന്ത്യന്‍ മാധ്യമരംഗം നേരിടുന്ന ഭീകര പ്രതിസന്ധിയെയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈയില്‍ നിന്ന് മടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഗള്‍ഫ് – ഇന്ത്യന്‍ മീഡിയ ഫോറം മീഡിയ മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.
|
നിരവധി മര്‍ഡോകുമാര്‍ ഉയര്‍ന്ന് വരുന്നതിനാല്‍ ലോകത്താകെ മാധ്യമ പ്രവര്‍ത്തകര്‍ സങ്കീര്‍ണ സാഹചര്യമാണ് നേരിടുന്നത്. മുമ്പ് ഗള്‍ഫ് നാടുകളില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ അഭിപ്രായ സ്വാതന്ത്ര്യ പ്രതിസന്ധി അനുഭവിച്ചിരുന്നു. ഇന്ന് അതിനേക്കാള്‍ മോശം പ്രതിസന്ധിയാണ് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്നത്. ഗള്‍ഫിലെ പ്രവാസികള്‍ക്ക് ആശ്രയവും ആശ്വാസവുമായി മലയാള മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദുബൈ ഇന്ത്യന്‍ മീഡിയ ഫോറം പ്രഥമ സെക്രട്ടറിയുമായ അഹമ്മദ് ശെരീഫ് അധ്യക്ഷത വഹിച്ചു. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം.ആര്‍. ഹരികുമാര്‍, മാധ്യമ പ്രവര്‍ത്തകരായ പി.പി. മാത്യു, സര്‍ജി ആന്റണി, ഷാര്‍ലി ബഞ്ചമിന്‍, ആല്‍ബര്‍ട്ട് അലക്‌സ്, ഫൈസല്‍ ബിന്‍ അഹമ്മദ്, ഇ. സതീഷ്, കെ.എ. ജബ്ബാരി, ഇ.പി. ഷെഫീഖ്, കെ.സി. രഹ്ന, സുനി അല്‍ഹാദി, അനില്‍ ഈശ്വര്‍, ജോഫി പുളിക്കന്‍ എന്നിവര്‍ സംസാരിച്ചു. പി.വി. വിവേകാനന്ദ്, വി.എം. സതീഷ്, മോഹന്‍ വടയാര്‍ എന്നിവരുടെ അനുസ്മരണം നാസര്‍ ബേപ്പൂര്‍ നിര്‍വഹിച്ചു. ബിജു ആബേല്‍ ജേക്കബ് സ്വാഗതവും എം.കെ.എം ജാഫര്‍ നന്ദിയും പറഞ്ഞു.





