01
Jun 2024
Fri
01 Jun 2024 Fri
instagram influencer suicide news

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. (instagram-influencers-death-accused-benoy-found-to-have-forced-abortion )  പെണ്‍കുട്ടിയെ നിരവധി തവണ പീഢിപ്പിച്ച കാമുകനായ ബിനോയ് നിര്‍ബന്ധിച്ച ഗര്‍ഭഛിദ്രം നടത്തിയതായും സുഹൃത്തുക്കളെ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തിയെന്നും പൊലീസ് കണ്ടെത്തി. ബിനോയിക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പ്രതിയെ പോക്‌സോ കോടതി 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് മാത്രമായിരുന്നു ബിനോയിക്കെതിരേ നേരത്തേ ചുമത്തിയിരുന്നത്. ഇതില്‍ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. എന്നാല്‍ പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും ബിനോയ് ആണെന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍.

ഇതുപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രമോഷന്‍ ഷൂട്ടിനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വര്‍ക്കല റിസോര്‍ട്ടില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മരുന്നുകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. ഇതിന് ശേഷവും പീഡനം നടന്നു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ എന്തോ കാരണം പറഞ്ഞ് വഴക്കടിക്കുകയും പിണക്കത്തിലാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സുഹൃത്തുക്കള്‍ വഴി ബിനോയ് പെണ്‍കുട്ടിക്ക് നേരെ സൈബര്‍ അധിക്ഷേപം നടത്തിയത്. ഇതോടെയാണ് പെണ്‍കുട്ടി വിഷാദത്തിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തതെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി.

മൂന്നു ദിവസത്തേക്കാണ് പ്രതിയെ പൂജപ്പുര പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ വര്‍ക്കലയിലെ റിസോര്‍ട്ടിലും വെള്ളനാട്ടെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യാ പ്രേരണയ്ക്ക് പുറമെ തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റങ്ങളും ബിനോയിക്കെതിരെ ചുമത്തിയിട്ടുണ്ട്.