തെഹ്‌റാന്‍: ഗസ്സയിലും ലബ്‌നാനിലും ഇസ്രായേല്‍ തുടരുന്ന നരനായാട്ടിന് ശക്തമായ തിരിച്ചടി നല്‍കി ഇറാന്‍.(Iran fired about 180 ballistic missiles; Mossad headquarters shaken; Many deaths) ഇന്നലെ രാത്രി 10 മണിയോടെ 180ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ ഇറാനില്‍ നിന്ന് കുതിച്ചെത്തിയത്.
|
ഇസ്രായേലിലെ മൊസാദ് ആസ്ഥാനത്തിന് തൊട്ടരികില്‍ മിസൈല്‍ പതിച്ചതായി വിദേശ വാര്‍ത്താ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിലെ ഏത് സുപ്രധാന കേന്ദ്രങ്ങളും തകര്‍ക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന ഇറാന്റെ മുന്നറിയിപ്പാണ് ഇതെന്നാണ് വിലയിരുത്തല്‍.
Outside Mossad HQ, 1050p local: pic.twitter.com/r0iiN6E9O8
— Nick Schifrin (@nickschifrin) October 1, 2024
ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ ചിലത് ഇസ്രായേലും സഖ്യ കക്ഷികളും ചേര്‍ന്ന് പ്രതിരോധിച്ചെങ്കിലും പലതും സുപ്രധാന സ്ഥലങ്ങളില്‍ പതിച്ചു. ഇറാന്‍ ആക്രമണം എത്രത്തോളം നാശനഷ്ടമുണ്ടാക്കിയെന്ന് കണക്കാക്കി വരുന്നതേയുള്ളു. എന്നാല്‍, ചുരുങ്ങിയത് ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ALSO READ: ടെല്‍ അവീവില്‍ വെടിവയ്പില്‍ എട്ടുമരണം
ഇറാന്‍ ചെയ്തത് വലിയ അബദ്ധമാണെന്നും ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇത് അപകടകരമായ നീക്കമാണെന്നും യുക്തമായ സമയത്തും സ്ഥലത്തും തിരിച്ചടി നല്‍കുമെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
അതേ സമയം, തെഹ്‌റാനിലെ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകം, ലബ്‌നാനിലും ഗസ്സയിലും നടക്കുന്ന ആക്രമണങ്ങള്‍ എന്നിവയ്ക്കുള്ള തിരിച്ചടിയാണ് നല്‍കിയതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഇസ്രായേല്‍ ഇനിയും ആക്രമണം തുടര്‍ന്നാല്‍ പ്രതികരണം ഇതിലും ശക്തമാവുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിനുള്ള ആദ്യ അടിയാണ് ഇതെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു.
ഇസ്രായേലിന് ശക്തമായ പിന്തുണയെന്ന് അമേരിക്ക
ഇസ്രായേലിന് നേരെ വരുന്ന ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കുന്നതിന് ശക്തമായ പിന്തുണ നല്‍കുമെന്ന് അമേരിക്ക. പെന്റഗണും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റും ഇസ്രായേലുമായി നിരന്തരം ബന്ധപ്പെട്ടു വരുന്നുണ്ട്. ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ പ്രതിരോധിക്കുന്നതിന് യുഎസ് യുദ്ധക്കപ്പലുകളും പങ്കു വഹിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.
ഇറാന്‍ ആക്രമണം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പ് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപോര്‍ട്ട്. എന്നാല്‍, അമേരിക്കയ്ക്ക് ഈ വിവരം എങ്ങിനെ ലഭിച്ചുവെന്ന് വ്യക്തമല്ല.


