തെഹറാന്‍: സമുദ്രാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച യു.എസ് യുദ്ധകപ്പലിനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് തുരത്തി ഇറാന്‍. (Iran repels US warship that attempted to violate border) ഒമാന്‍ ഉള്‍ക്കടലിലാണ് സംഭവം. ഇറാനിയന്‍ സ്റ്റേറ്റ് ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് യു.എസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാവുന്നത്.
|
ബുധനാഴ്ച പ്രാദേശിക സമയം പത്ത് മണിയോടെയാണ് ഇറാന്‍ അതിര്‍ത്തിക്ക് സമീപം യു.എസിന്റെ യുദ്ധകപ്പല്‍ പ്രത്യക്ഷപ്പെട്ടത്. ഉടന്‍ ഇറാന്‍ നാവികസേനയുടെ ഹെലികോപ്ടര്‍ യുദ്ധകപ്പലിന് നേരെ അയച്ചു. യു.എസ് കപ്പലിന് മുകളിലൂടെ പറന്ന ഹെലികോപ്ടറില്‍ നിന്ന് സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, പ്രദേശം വിട്ടുപോയില്ലെങ്കില്‍ ഇറാന്‍ ഹെലികോപ്ടര്‍ തകര്‍ക്കുമെന്നായിരുന്നു ഇതിനോടുള്ള യു.എസ് ഭീഷണി. എന്നാല്‍, ഹെലികോപ്ടര്‍ തൊട്ടാല്‍ വിമരമറിയുമെന്നും വ്യോമപ്രതിരോധ സംവിധാനം ആക്ടീവാകുമെന്നും ഇറാന്‍ അറിയിച്ചതോടെ യുഎസ് കപ്പല്‍ മടങ്ങിപ്പോവുകയായിരുന്നു.
ALSO READ: അച്ഛന്റെ ജോലി ലഭിക്കുന്നതിനെ ചൊല്ലിയുള്ള വഴക്കിനിടെ യുവാവ് അനുജനെ കുത്തിക്കൊന്നു
യുറേനിയം സമ്പുഷ്ടീകരണത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസി അരാഗച്ചി വ്യക്തമാക്കിയിരുന്നു. യു.എസ്-ഇസ്രായേല്‍ ആക്രമണം തങ്ങളുടെ ആണവസമ്പുഷ്ടീകരണ പദ്ധതിയില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആണവസമ്പുഷ്ടീകരണം ഇറാന്റെ അഭിമാന പദ്ധതിയായി മാറിയെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാസം യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ആണവകേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ ശാസ്തജ്ഞര്‍ ആണവകേന്ദ്രങ്ങള്‍ക്ക് എത്രത്തോളം നാശമുണ്ടായെന്ന പരിശോധന നടത്തുകയാണ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് നടത്തിയ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


