18
Apr 2024
Thu
18 Apr 2024 Thu
iran israel

തെഹ്‌റാന്‍: ഇസ്രായേല്‍ ചെറിയൊരു അബദ്ധം കാണിച്ചാല്‍ പോലും താങ്ങാനാവാത്ത തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ജൂത രാഷ്ട്രത്തെ തെഹ്‌റാന്‍ ആക്രമിച്ച് ദിവസങ്ങള്‍ക്കകമാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ മുന്നറിയിപ്പ്. (Iran Warns Israel; Hezbollah launches missiles and drones at northern Israel)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്റെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് തന്റെ രാജ്യം തീരുമാനിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതികരണം. ഏപ്രില്‍ 1 ന് സിറിയയിലെ ഇറാന്റെ എംബസിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഏപ്രില്‍ 13ന് 300-ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന്‍ പ്രതികരിച്ചിരുന്നു.

അതിര്‍ത്തിയില്‍ ആക്രമിച്ച് ഹിസ്ബുല്ല
ലബ്‌നീസ് പോരാളി സംഘടനയായ ഹിസ്ബുല്ല ഉത്തര ഇസ്രായേലില്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തി. ആക്രമണത്തില്‍ 14 ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റു. ലബ്‌നീസ് അതിര്‍ത്തിക്ക് സമീപത്തെ അറബ് അല്‍ അരാംശെ ഗ്രാമത്തിലാണ് ഗൈഡഡ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹിസ്ബുല്ല ആഞ്ഞടിച്ചത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് ഹിസ്ബുല്ല പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയാണ് ആക്രണം.

പരിക്കേറ്റ 14 സൈനികരില്‍ ആറു പേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. തിങ്കളാഴ്ച്ച് ലബ്‌നീസ് അതിര്‍ത്തിക്കകത്തേക്ക് അതിക്രമിച്ചു കയറിയ ഇസ്രായേല്‍ സൈനികര്‍ക്കെതിരേ ഹിസ്ബുല്ല നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ നിരവധി ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.