21
Jan 2025
Fri
21 Jan 2025 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാസ: വെടിനിർത്തൽ കരാർ ഇരു വിഭാഗവും അംഗീകരിച്ചതിന് ശേഷം കൂട്ടക്കൊല അതിവേഗം തുടർന്ന് ഇസ്രായേൽ. നൂറോളം പേരാണ് ഇന്നലെ പുലർച്ചെ മുതൽ ഗാസയിൽ കൊല്ലപ്പെട്ടത്. ഇതിൽ 30 ഓളം കുട്ടികളും ഉൾപ്പെടും. ഇരുനൂറിലധികം. പേർക്ക് പരിക്കേറ്റു. ഇതോടെ 2023 ഓക്‌ടോബറിന് ശേഷം ഇസ്രായേൽ കൊലപ്പെടുത്തിയ പലസ്തീൻകാരുടെ എണ്ണം 46,788 ആയി. വെടിനിർത്തൽ കരാറുണ്ടാകുമെന്ന പ്രതീക്ഷയിൽ ഗാസയിൽ ആഘോഷങ്ങൾ നടക്കുമ്പോഴായിരുന്നു ഇസ്രയേലിന്റെ ആക്രമണങ്ങൾ.

ചില വ്യവസ്ഥകളിൽനിന്ന് ഹമാസ് പിന്നാക്കം പോകുന്നുവെന്ന് ആരോപിച്ച് വെടിനിർത്തൽക്കരാറിന് അംഗീകാരം നൽകുന്നത് ഇസ്രയേൽ മന്ത്രിസഭ വൈകിപ്പിക്കുക ആണ്. ഇന്നലെ യുദ്ധ കാബിനറ്റ് ചേർന്ന് അംഗീകാരം നൽകാൻ ആണ് അദ്യം നിശ്ചയിച്ചത്. എന്നാല് ഇന്നലത്തെ യോഗം നടന്നില്ല. ഇന്ന് ഉണ്ടാകുമെന്നാണ് റിപോർട്ട്.

നേരത്തേ മധ്യസ്ഥരായ ഈജിപ്തും ഖത്തറും യു.എസും ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികളുമായി ദോഹയിൽ നടത്തിയ ചർച്ചയിൽ ആണ് കരാർ ഉറപ്പായത്. ഗസയിലെ വെടിനിര്‍ത്തലും ബന്ദിമോചനവും ഉറപ്പു നല്‍കുന്ന സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി ആണ് പ്രഖ്യാപിച്ചത്. ജനുവരി 19 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കയുടെയും ഖത്തറിന്റെയും സജീവമായ ഇടപെടലുകളാണ് വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കിയത്.

42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. പകരമായി ഇസ്രായേല്‍ ജയിലിലുള്ള ആയിരത്തിലേറെ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ ഫലസ്തീനികള്‍ക്ക് വടക്കന്‍ ഗസയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിന്റെ ഭാഗമാണ്. മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാവും അഭയാര്‍ഥികളായ ഫലസ്തീനികളുടെ വീടുകളിലേക്കുള്ള മടക്കം.

ഗാസയുടെ പുനര്‍നിര്‍മാണം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. സമ്പൂര്‍ണ വെടിനിര്‍ത്തലും സൈനിക പിന്‍മാറ്റവും ബന്ദികളുടെ മോചനവും ഉറപ്പാക്കുന്നതാണ് കരാറെന്ന് അദ്ദേഹം വാഷിങ്ടണില്‍ പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം.

ബന്ദിമോചനവും വെടിനര്‍ത്തലും സാധ്യമാക്കുന്ന കാരറിലെത്തിയതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ‘എക്‌സ്’ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. കരാറിന് സംഘടന അംഗീകാരം നല്‍കിയതായി ഹമാസ് വക്താവ് അറിയിച്ചു. തുടര്‍നടപടികളുടെ ഭാഗമായി ഇസ്രായേല്‍ മന്ത്രിസഭ യോഗം ചേരുന്നുണ്ട്.

ആറാഴ്ച നീളുന്ന ആദ്യ ഘട്ട വെടിനിര്‍ത്തലാണ് ഉടനുണ്ടാകുക. ഗസ്സയില്‍ നിന്ന് ഘട്ടംഘട്ടമായി സൈനിക പിന്‍മാറ്റവും ബന്ദികളുടെ കൈമാറ്റവും ഫലസ്തീനി തടവുകാരുടെ മോചനവും ഇതിന്റെ ഭാഗമായി നടപ്പാകും. മൂന്ന് ഘട്ടങ്ങളിലായാകും വെടിനിര്‍ത്തല്‍.

 

Israeli attacks on Gaza ahead of ceasefire