29
Jun 2025
Tue
29 Jun 2025 Tue
km shaji and mk muneer

ജമാഅത്തെ ഇസ്ലാമിയ പഴയ നിലപാടുകള്‍ തിരുത്തി മതേതരമായി മാറിയെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവന തള്ളി ലീഗ് നേതാക്കള്‍. ജമാഅത്തിനെതിരേ ഇതുവരെയായി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിണറായി വിജയന്‍ ഭരണത്തില്‍ പൊറുതിമുട്ടിയ ജമാഅത്തുകാര്‍ ഇങ്ങോട്ട് പിന്തുണ പ്രഖ്യാപിച്ചതാണ്. അല്ലാതെ യുഡിഎഫ് അവരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളാണ് എന്ന പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അവര്‍ ആ നിലപാട് മാറ്റിയതായി അറിയില്ല. ജമാഅത്തെ ഇസ്ലാമിയോട് യുഡിഎഫ് പിന്തുണ ആവശ്യപ്പെട്ടി്ട്ടില്ലെന്നും ഷാജി ചൂണ്ടിക്കാട്ടി.

ജമാഅത്തും ലീഗും എന്നും രണ്ട് ആശയധാരയില്‍ തന്നെയാണ് പോകുന്നതെന്ന് എം കെ മുനീറും പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിക്കെതിരായ പ്രസംഗങ്ങളോ ലേഖനങ്ങളോ ലീഗ് ഇപ്പോഴും പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നഗ്ന വീഡിയോ അയച്ചില്ലെങ്കില്‍ കുട്ടികളെ പൂജ ചെയ്ത് അപായപ്പെടുത്തുമെന്ന് ഭീഷണി; ക്ഷേത്ര പൂജാരി അറസ്റ്റില്‍

ജമാഅത്തെ ഇസ്ലാമിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് സിപിഎം വലിയ വിവാദമാക്കിയതോടെയാണ് ജമാഅത്തെ ഇസ്ലാമി അവരുടെ നിലപാടുകളില്‍ മാറ്റം വരുത്തി മതേതര നിലപാട സ്വീകരിച്ചു എന്ന് വിഡി സതീശന്‍ പ്രതികരിച്ചത്. ഇത് തള്ളിക്കളയുന്നതാണ് ലീഗ് നേതാക്കളുടെ നിലപാട്.

സുന്നീ പരമ്പരാഗത വോട്ടുകള്‍ നിലനിര്‍ത്തണമെങ്കില്‍ ജമാഅത്തെ ഇസ്ലാമിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചേ മതിയാവൂ എന്ന പ്രതിസന്ധി ലീഗ് നേതാക്കള്‍ക്കുണ്ട്. ഇത് മുന്നില്‍ കണ്ട് തന്നെയാണ് വിഷയം കത്തിച്ച് നിര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നത്.