ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ അല്‍ഖാഇദ ബന്ധമാരോപിച്ച് അറസ്റ്റ്ചെയ്ത് ജയിലിലടച്ച മൂന്നു പേരെ ഒമ്പതുവര്‍ഷത്തിന് ശേഷം കോടതി കുറ്റവിമുക്തരാക്കി. (Jamshedpur court acquits three Muslim men in 2016 Al Qaeda case) ബിസ്ത്പൂര്‍ സ്വദേശി അബ്ദുല്‍ ഷമി, ആസാദ് നഗര്‍ സ്വദേശി മൗലാനാ കലീമുദ്ദീന്‍ മുജാഹിദ്, ഒഡീഷയിലെ കട്ടക്ക് സ്വദേശി മുഹമ്മദ് അബ്ദുല്‍ റഹമാന്‍ അലി ഖാന്‍ കട്ടക്കി എന്ന മൗലാന മന്‍സൂര്‍ എന്നിവരെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി വിമലേഷ് കുമാര്‍ സഹായ് വെള്ളിയാഴ്ച കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്.
|
ഷമിയും മുഹമ്മദ് അബ്ദുല്‍ റഹമാനും ഗാഗിദി സെന്‍ട്രല്‍ ജയിലിലും കലീമുദ്ദീന്‍ ജാമ്യത്തിലുമാണ്.
2016ല്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ നല്‍കിയ വിവരപ്രകാരം ജംഷഡ്പൂര്‍ സ്വദേശി അഹമ്മദ് മസൂദ് അക്രം ഷെയ്ഖിനെതിരേ ബിസ്ത്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആണ് കേസിന്റെ തുടക്കം. അല്‍ഖാഇദ ബന്ധമാരോപിച്ചായിരുന്നു അറസറ്റ്. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു മൂന്നുപേരെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
2015 ഡിസംബറില്‍ കട്ടക്കില്‍ നിന്ന് മുഹമ്മദ് അബ്ദുല്‍ റഹമാനെയാണ് ഡല്‍ഹി പൊലിസ് ആദ്യം അറസ്റ്റ്ചെയ്തത്. ഹരിയാനയിലെ മേവാത്തില്‍ നിന്ന് 2019 ജനുവരിയിലാണ് മൗലാനാ മന്‍സൂറിനെ അറസ്റ്റ്ചെയ്തത്. പിന്നീടാണ് കലീമുദ്ദീനെയും കേസുമായി ബന്ധപ്പെടുത്തിയത്.
ചോദ്യം ചെയ്യലില്‍ തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് മസൂദ് ഡല്‍ഹി പൊലിസില്‍ കുറ്റസമ്മതം നടത്തിയെന്നും കലിമുദ്ദീനിന്റെയും മുഹമ്മദ് അബ്ദുര്‍റഹമാന്റെയും പേരുകള്‍ വെളിപ്പെടുത്തിയെന്നുമാണ് പൊലിസ് ഭാഷ്യം. സൗദിയില്‍ വച്ച് ആയുധ പരിശീലനം ലഭിച്ചതായും സാക്ച്ചി ജുമാ മസ്ജിദില്‍ വച്ചാണ് കട്ടക്കിയെ കണ്ടുമുട്ടിയതെന്നും ഇയാള്‍ വെളിപ്പെടുത്തിയത്രെ.
മസൂദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 9 എംഎം പിസ്റ്റളും പിടിച്ചെടുത്തെന്നും പോലീസ് അവകാശപ്പെട്ടു. ഇതോടെ ഐ.പി.സി സെക്ഷന്‍ 121, 121 (എ), 120 (ബി), യു.എ.പി.എ സെക്ഷന്‍ 19, 20, 23, ആയുധ നിയമം എന്നിവയുള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
യു.എ.പി.എ പ്രകാരം 2023 ല്‍ ഡല്‍ഹി കോടതി മൂന്നുപേരെയും കുറ്റക്കാരനാണെന്ന് വിധിക്കുകയും ജയില്‍ശിക്ഷവിധിക്കുകയുംചെയ്തു.
എന്നാല്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഒരൊറ്റ സാക്ഷിക്കും കേസില്‍ പ്രതികളുടെ പങ്ക് സ്ഥിരീകരിക്കാനായില്ല. തെളിവുകളുടെ അഭാവത്താല്‍ അവരെ കുറ്റവിമുക്തരാക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബാലായ് പാണ്ഡെ പറഞ്ഞു.
തങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും കോടതി വിധി അത് ഒരിക്കല്‍കൂടി ഊട്ടിയുറപ്പിച്ചുവെന്നും കട്ടക്കിയുടെ സഹോദരന്‍ താഹിര്‍ പ്രതികരിച്ചു.





