ജിദ്ദ: കോഴിക്കോടിനെ ആഗോളതലത്തില്‍ സാഹിത്യമികവിന്റെ കേന്ദ്രമാക്കുമെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ്. ‘സര്‍ഗാത്മക സമ്പദ്ഘടന’ യാഥാര്‍ഥ്യമാക്കുന്നതിലൂടെ കലാ-സാഹിത്യ-സംസ്‌കാര സ്രോതസ്സുകളെ സുസ്ഥിര വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള കോഴിക്കോടിന്റെ ഭഗീരഥയത്‌നത്തിന് ലഭിച്ച രാജ്യാന്തര അംഗീകാരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടേതടക്കം ബഹുജന പങ്കാളിത്തം അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.
|
കേരളത്തിലുടനീളമുള്ള പ്രവാസികളുടെ മക്കള്‍ക്കായി ഡയാസ്‌പോറിക് ചില്‍ഡ്രന്‍സ് പാര്‍ലമെന്റിന് അടുത്ത വേനലവധിക്കാലത്ത് കോഴിക്കോട് ആതിഥ്യമരുളുമെന്നും പരിപാടിയില്‍ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും അഭ്യദയകാംക്ഷികള്‍ക്കും പങ്കെടുക്കാമെന്നും മേയര്‍ അറിയിച്ചു.
ഇന്ത്യയിലെ പ്രഥമ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ ജിദ്ദയിലെ കോഴിക്കോട് ജില്ലാ ഫോറവും എച്ച് & ഇ ചാനലും സംയുക്തമായി സംഘടിപ്പിച്ച “സര്‍ഗപ്പെരുമയുടെ കോഴിക്കോട്” എന്ന വ്യര്‍ച്വല്‍ ടോക്ക് ഷോയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മേയര്‍ .
പ്രമുഖ നടന്‍ ഹരീഷ് പേരടി, വൈക്കം മുഹമ്മദ് ബഷീറിന്റെ മകനും മാതൃഭൂമി ഉദ്യോഗസ്ഥനുമായ അനീസ് ബഷീര്‍, മീഡിയാ വണ്‍ മിഡ്ല്‍ ഈസ്റ്റ് ഓപറേഷന്‍സ് മേധാവി എം.സി.എ. നാസര്‍, സൗദി ഗസറ്റ് എഡിറ്റര്‍ ഹസന്‍ ചെറൂപ്പ, കോഴിക്കോട് ജില്ലാ ഫോറം പ്രസിഡന്റ് ഹിഫ്‌സുറഹ്‌മാന്‍, ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ പൊക്കുന്ന് എന്നിവര്‍ ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിച്ചു.
കോഴിക്കോടിനെ അങ്ങേയറ്റം സ്‌നേഹിക്കുന്ന പ്രവാസിസമൂഹത്തോടുള്ള അകൈതവമായ നന്ദിയും കടപ്പാടും പങ്കുവെച്ചുകൊണ്ടാണ് ബീനാ ഫിലിപ്പ് സംസാരിച്ചുതുടങ്ങിയത്. മേയറും മറ്റ് അതിഥികളും ആദ്യന്തം സജീവ ഇടപെടല്‍ നടത്തിയ ഏറെ ഹൃദ്യമായ ടോക്ക് ഷോയില്‍ കോഴിക്കോടിന്റെ സര്‍ഗപ്പെരുമ ഉയര്‍ത്താനുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. സൗദി അറേബ്യയിലെ ആദ്യ സാഹിത്യനഗരമായി അയല്‍നഗരമായ തായിഫിനെ യുനെസ്‌കോ തെരഞ്ഞെടുത്തതും ജിദ്ദയിലെ കോഴിക്കോട്ടുകാരുടെ ആഘോഷത്തിന് ഇരട്ടിമധുരമായി.
യുനെസ്‌കോയുടെ സര്‍ഗാത്മക നഗര ശ്രൃംഖലയില്‍ കോഴിക്കോടിനൊപ്പം ഉള്‍പ്പെടുന്ന നൂറിലേറെ രാജ്യങ്ങളിലെ 350 നഗരങ്ങളുമായി സാഹിത്യ-സാംസ്‌കാരിക വിനിമയത്തിനും ഉത്തമകൃതികളുടെ പരിഭാഷകള്‍ക്കുമെല്ലാമുള്ള അനന്തസാധ്യതതകള്‍ ഉപയോഗപ്പെടുത്തുമെന്നും ബേപ്പൂര്‍ അന്താരാഷ്ട്ര തുറമുഖമായി മാറുന്നത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും മേയര്‍ ചൂണ്ടിക്കാട്ടി. ചുമട്ടുതൊഴിലാളികളടക്കം സാധാരണക്കാരില്‍വരെ ഉന്നത സാഹിത്യ അവബോധമുള്ള കോഴിക്കോടിന് ലഭിച്ച അംഗീകാരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുജനപങ്കാളിത്തത്തോടെ തുടക്കം കുറിക്കുമെന്ന് മേയര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയിലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്ക് ഒഴുകിയെത്തിയ നാല് ലക്ഷത്തിലേറെ പേരില്‍ ബഹുഭൂരിഭാഗവും സാധാരണക്കാരാണെന്ന് ആവേശജനകമാണ്. വായനാകോര്‍ണറുകളും ഓപണ്‍ സ്റ്റേജും വായനാവണ്ടികളുമടക്കമുള്ള നിരവധി പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും മേയര്‍ പറഞ്ഞു.
കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപൈതൃകത്തിനും ഊർജ്ജസ്വലമായ സാംസ്കാരികമേഖലയ്ക്കും ലഭിച്ച വൈകിവന്ന അംഗീകാരമാണ് യുനെസ്കോ പതക്കമെന്ന് ചൂണ്ടിക്കാട്ടിയ മേയർ, ഇതിന് നിമിത്തമായ കൂട്ടായ അശ്രാന്ത പരിശ്രമങ്ങളുടെ കഥ ശ്രോതാക്കളുമായി പങ്കുവെച്ചു. കോഴിക്കോടിന്റെ കലാ സാഹിത്യ സാംസ്‌കാരിക സാമൂഹിക മൂല്യങ്ങളെല്ലാം ലോകത്തിനും ഇന്ത്യ മുഴുവനും ബോധ്യപ്പെടുത്താന്‍ ഒരവസരം വന്നപ്പോള്‍ സാധിച്ചു. പൗരാണിക തുറമുഖ നഗരവും മലബാറിന്റെ കവാടവുമായ കോഴിക്കോടിന്റെ നന്മകള്‍ ഇബ്‌നു ബത്തൂത്ത അടക്കമുള്ള ലോകസഞ്ചാരികള്‍ അടയാളപ്പെടുത്തിയതാണ്. ജ്ഞാനപീഠ ജേതാക്കളായ എസ്.കെ പൊറ്റെക്കാടും എം.ടിയും നോബെല്‍ സമ്മാനത്തിനുവരെ അര്‍ഹനായിരുന്ന ബഷീറുമടക്കം അസംഖ്യം പേര്‍ കോഴിക്കോടിന്റെ ബഹുമതിക്ക് കനപ്പെട്ട സംഭാവനകളേകിയിട്ടുണ്ട്


