12
Jun 2023
Mon
12 Jun 2023 Mon

ജിദ്ദ: ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച പ്രതിനിധി സഭ സംഗമം പ്രവാസി മലയാളികളുടെ പരിച്ഛേദമായി. കഴിഞ്ഞ ദിവസം ജിദ്ദയില്‍ സംഘടിപ്പിച്ച ‘പ്രതിനിധി സഭ’യില്‍ കേരളത്തിലെ 14 ജില്ലയില്‍ നിന്നായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. ജിദ്ദയിലെ ജില്ലാ കൂട്ടായ്കളുടെ ഭാരവാഹികളും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളുമാണ് പൗരാവലി പ്രതിനിധി സഭയുടെ ഭാഗമായി മാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആതുര സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും പ്രമുഖ വ്യക്തിത്വമായിരുന്ന സീക്കോ ഹംസയുടെ നിര്യാണത്തില്‍ സഭ അനുശോചിച്ചു. പൗരാവലി എക്‌സിക്യൂട്ടീവ് അംഗം ഹിഫ്സുറഹ്‌മാന്‍ അനുശോചന സന്ദേശം വായിച്ചു. ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വിവിധ തരം വിസകളില്‍ പുതിയതായി എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കാര്യക്ഷമമായി ഇടപെടണമെന്ന് ജിദ്ദ കേരള പൗരാവലി പ്രതിനിധി സഭ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സൗദിയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ പല ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ കൂടുതല്‍ വിസ ഫെസിലിറ്റേഷന്‍ സര്‍വീസ് അഥവാ വി എഫ് എസ് കേന്ദ്രങ്ങള്‍ അനുവദിക്കാനും കൂടുതല്‍ ബയോമെട്രിക് ഉപകരണങ്ങള്‍ സ്ഥാപിക്കാനും കേരള മുഖ്യമന്ത്രി ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും എക്‌സിക്യൂട്ടീവ് അംഗം അഹമ്മദ് ഷാനി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ജിദ്ദ പൗരാവലിയുടെ ലക്ഷ്യവും നയവും ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി മള്‍ട്ടി മീഡിയ പ്രസന്റേഷനിലൂടെ വിശദീകരിച്ചു. ജിദ്ദ കേരള പൗരാവലി ‘തുടക്കം മുതല്‍ ഇതുവരെ’ എന്ന വിഷയം അസീസ് പട്ടാമ്പി അവതരിപ്പിച്ചു. പ്രതിനിധി സഭയില്‍ 14 ജില്ലകളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രത്യേകമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ വിവിധ പ്രതിനിധികള്‍ സദസ്സുമായി പങ്കുവച്ചു. റാഫി ബീമാപള്ളി ചര്‍ച്ചകള്‍ നിയന്ത്രിച്ചു.

പൗരാവലി ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ഷരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു. ഉണ്ണി തെക്കേടത്ത് പ്രോഗ്രാം കണ്‍വീനറായിരുന്നു. വേണുഗോപാല്‍ അന്തിക്കാട്, റഷീദ് മണ്ണിപ്പിലാക്കല്‍, ഹസ്സന്‍ കൊണ്ടോട്ടി, ഷിഫാസ് തൃശൂര്‍, നൗഷാദ് ചാത്തല്ലൂര്‍, അലവി ഹാജി, ഷഫീഖ് കൊണ്ടോട്ടി, ബാബു കല്ലട എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക