2024 ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനിടയില്‍ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു.(JPC report on Waqf (Amendment) Bill tabled in Rajya Sabha ) പ്രതിപക്ഷം നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്ത വ്യാജ റിപോര്‍ട്ടാണ് അവതരിപ്പിച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ചെയര്‍പേഴ്സണ്‍ ജഗ്ദീപ് ധന്‍ഖര്‍ നിര്‍ബന്ധിതനായി.
|
വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാനെന്നവകാശപ്പെട്ട് കൊണ്ടുവന്ന Waqf ബില്ലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രാജ്യസഭാ എംപി മേധ കുല്‍ക്കര്‍ണി മേശപ്പുറത്ത് വച്ചപ്പോള്‍, വിയോജിപ്പ് കുറിപ്പുകളുടെ ചില ഭാഗങ്ങള്‍ നീക്കം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ചു.
നടപടികള്‍ പുനരാരംഭിക്കുമ്പോള്‍ ധന്‍ഖര്‍ രാഷ്ട്രപതിയുടെ സന്ദേശം വായിക്കാന്‍ ശ്രമിച്ചതോടെ ബഹളം തുടര്‍ന്നു. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ഒടുവില്‍ രാജ്യസഭയില്‍ നിന്ന് വാക്ക്ഔട്ട് നടത്തി.
ALSO READ: മുസ്ലിം രാജ്യങ്ങളില്‍ വഖ്ഫ് ഇല്ലെന്ന വ്യാജ വിവരം പ്രചരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
‘ഞങ്ങളുടെ അഭിപ്രായങ്ങളെ അട്ടിമറിക്കുന്ന വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷം അംഗീകരിക്കില്ല’- പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. റിപ്പോര്‍ട്ട് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെപിസി) തിരികെ അയച്ച് വീണ്ടും അവതരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് മേധാവി ആവശ്യപ്പെട്ടു.
‘ജെപിസി റിപ്പോര്‍ട്ടില്‍, പല അംഗങ്ങള്‍ക്കും അവരുടെ വിയോജിപ്പ് ഉണ്ട്. ആ കുറിപ്പുകള്‍ നീക്കം ചെയ്ത് ഞങ്ങളുടെ അഭിപ്രായങ്ങള്‍ അട്ടിമറിക്കുന്നത് ശരിയല്ല. ഇത് ജനാധിപത്യ വിരുദ്ധമാണ്… അത്തരം വ്യാജ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. അത് തിരിച്ചയച്ച് വീണ്ടും അവതരിപ്പിക്കണം,’ ഖാര്‍ഗെ പറഞ്ഞു.
നിരവധി ഇന്ത്യാ മുന്നണി എംപിമാരും ഖാര്‍ഗെയെ പിന്തുണച്ചു. ജെപിസി യോഗങ്ങളില്‍ ഖണ്ഡിക തിരിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സേന (യുബിടി) എംപി അരവിന്ദ് സാവന്ത് അവകാശപ്പെട്ടു. ഇക്കാരണത്താല്‍, ഞങ്ങള്‍ ഒരു വിയോജിപ്പ് കുറിപ്പ് നല്‍കിയെങ്കിലും ആ കുറിപ്പ് അവര്‍ നീക്കം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
വിയോജിപ്പ് കുറിപ്പുകള്‍ റിപ്പോര്‍ട്ടിന്റെ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഖാര്‍ഗെയുടെ വാദങ്ങളെ എതിര്‍ത്ത് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
മുസ്ലീം സമൂഹം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി സംഭാവന ചെയ്യുന്ന സ്വത്തുക്കള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വഖഫ് ബോര്‍ഡുകളുടെ ഭരണത്തില്‍ പൂര്‍ണ്ണമായ അഴിച്ചുപണി നിയമനിര്‍മ്മാണം നിര്‍ദ്ദേശിക്കുന്നു.
Waqf ബില്ലിലെ പ്രധാന വ്യവസ്ഥകളില്‍ സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തുക, ഒരു സ്വത്ത് വഖഫ് സ്വത്താണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മധ്യസ്ഥനാക്കുക എന്നിവ ഉള്‍പ്പെടുന്നു.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ജനുവരി 30 ന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) അന്തിമ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിച്ചു. ഭേദഗതി ചെയ്ത പരിഷ്‌കരിച്ച ബില്‍ ജനുവരി 29 ന് പാനല്‍ അംഗീകരിച്ചു. ഭരണകക്ഷിയായ എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച 14 ഭേദഗതികള്‍ അംഗീകരിച്ചപ്പോള്‍, പ്രതിപക്ഷ എംപിമാര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ പൂര്‍ണമായും നിരസിക്കപ്പെടുകയായിരുന്നു.
വഖഫ് (Waqf) സ്വത്തുക്കളുടെ നിയന്ത്രണം കൈക്കലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് ബില്ലിന് പിന്നിലെന്ന് മുസ്ലിം സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു.





