കണ്ണൂര്‍: കുഴിയില്‍ കിടക്കുന്ന ഹെഡ്‌ഗേവാര്‍ എണീറ്റ് വന്നാലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കയ്യിലും കാലിലും എന്നല്ല ഒരു രോമത്തില്‍ പോലും തൊടാന്‍ സാധിക്കില്ലെന്ന് കെ സുധാകരന്‍. (K Sudhakaran reply to BJP leaders threat against Rahul Mankootathil ) രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ ബി.ജെ.പി പാലക്കാട് ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ നടത്തിയ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. കഴിഞ്ഞ ദിവസം ഡി.സി.സി ഓഫിസ് മാര്‍ച്ചിനിടെയായിരുന്നു പ്രശാന്ത് ശിവിന്റെ കൊലവിളി പ്രസംഗം.
|
സ്വാതന്ത്ര്യ സമരത്തിനിടയില്‍ പഴത്തൊലിയില്‍ തെന്നി വീണുപോലും ഒരു രക്തസാക്ഷിയില്ലാത്തവരാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍. അവര്‍ ഏതെങ്കിലും രാജ്യദ്രോഹിയുടെ പേര് ഒരു പട്ടിക്കൂടിന് പോലും ഇടാന്‍ അവസാനത്തെ കോണ്‍ഗ്രസുകാരന്‍ ജീവിച്ചിരിക്കുന്നത് വരെയും ഇവിടെ സമ്മതിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
”പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഏതോ സംഘപരിവാറുകാരന്‍ ഭീഷണിപ്പെടുത്തിയതായി കേട്ടു. അങ്ങനെ ഭീഷണിപ്പെടുത്തിയവരോടും അതിന് കയ്യടിച്ചവരോടുമായി പറയുകയാണ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യ മഹാരാജ്യത്തിലാണ് നിങ്ങളൊക്കെ കാലുകുത്തി നില്‍ക്കുന്നത്. ഈ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനിടയില്‍ പഴത്തൊലിയില്‍ തെന്നി വീണുപോലും ഒരു രക്തസാക്ഷിയില്ലാത്ത സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും രാജ്യദ്രോഹിയുടെ പേര് ഒരു പട്ടിക്കൂടിന് പോലും ഇടാന്‍ അവസാനത്തെ കോണ്‍ഗ്രസുകാരന്‍ ജീവിച്ചിരിക്കുന്നത് വരെയും ഇവിടെ സമ്മതിക്കില്ല.
അതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഞങ്ങളില്‍ ഒരുത്തന്റെ കാലു വെട്ടുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കുട്ടികള്‍. കുഴിയില്‍ കിടക്കുന്ന ഹെഡ്‌ഗേവാര്‍ എണീറ്റ് വന്നാലും രാഹുലിന്റെ കയ്യിലും കാലിലും എന്നല്ല ഒരു രോമത്തില്‍ പോലും തൊടാന്‍ സാധിക്കില്ല.
ബി.ജെ.പി ഭയപ്പെടുത്തുമ്പോള്‍ നിലപാട് മാറ്റാന്‍ ഈ പാര്‍ട്ടിയുടെ പേര് സി.പി.എം എന്നല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്നാണ്. അയാളുടെ പേര് പിണറായി വിജയന്‍ എന്നല്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നാണ്. ആ കാര്യം സംഘപരിവാറും മറക്കേണ്ട, സഖാക്കളും മറക്കേണ്ട -സുധാകരന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.





