08
Mar 2023
Fri
08 Mar 2023 Fri

 

ബെംഗളൂരു: പൊട്ടുതൊടാത്തതിന്റെ പേരിൽ വ്യാപാരിയായ ഹിന്ദു യുവതിയോട് തട്ടിക്കയറി കർണാടകയിലെ ബി.ജെ.പി നേതാവ്. കോലാറിൽ നിന്നുള്ള എം.പി എസ്. മുനിസ്വാമിയാണ് തെരുവ് കച്ചവടക്കാരിയെ ശകീരിച്ചത്.

കച്ചവടക്കാരിയോട് അവരുടെ പേര് ചോദിക്കുകയും തുടർന്ന് നിന്റെ പൊട്ട് എവിടെപ്പോയെന്നും ഭർത്താവ് ഇപ്പോഴും ജീവിച്ചിരിപ്പില്ലെ എന്നുമാണ് മുനിസ്വാമി ചോദിച്ചത്. ഈ സ്റ്റാളിടാൻ നിങ്ങൾക്ക് ആരാണ് അനുവാദം നൽകിയതെന്നും നേതാവ് ചോദിച്ചു. എം.പി ചൂടാകുമ്പോൾ ‘ഒരു ബോധവും ഇല്ലാത്ത സ്ത്രീ’ എന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്ന നേതാക്കളും സ്ത്രീയെ വേട്ടയാടി. വനിതാ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി നേതാക്കൾ നടത്തിയ പര്യടനത്തിനിടെയായിരുന്നു സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എം.പിയുടെ പരാമർശത്തെ തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. വനിതാ ദിനത്തിലാണ് നേതാവിന്റെ പരാമർശമെന്നും സ്ത്രീകളോടുള്ള അവരുടെ നിലപാടിനെയാണ് ഇത് കാണിക്കുന്നതെന്നും പ്രതിപക്ഷം വിമർശിച്ചു. ബി.ജെ.പി ഇന്ത്യയെ ‘ഹിന്ദുത്വ ഇറാനാ’ക്കി മാറ്റുകയാണെന്നും ബി.ജെ.പിയുടെ ആയത്തുല്ലമാർ തെരുവിൽ പട്രോളിങ് നടത്തി സദാചാര പൊലീസ് കളിക്കുകയാണെന്നും സംഭവത്തിന്റെ വിഡിയോ പങ്കുവച്ച് കോൺഗ്രസ് എം.പി കാർത്തി ചിദംബരം പ്രതികരിച്ചു.