26
Mar 2024
Sun
26 Mar 2024 Sun
kasaragod murders

കാസര്‍കോട്: കാസര്‍കോഡ് ജില്ലയിലെ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകങ്ങളില്‍ പ്രതികള്‍ ശിക്ഷയില്ലാതെ ഊരിപ്പോവുന്നത് എന്ത് കൊണ്ടാണ്? കാസര്‍കോട്ട് 2008 മുതല്‍ സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 10ലധികം പേരാണ്. എന്നാല്‍, മിക്ക കേസുകളിലും പ്രതികളെ വെറുതെ വിടുകയായിരുന്നു. ഭൂരിഭാഗവും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസുകളാണെന്നതും ആശങ്ക പടര്‍ത്തുന്നു. ( kasaragod communal murder cases: culprits acquittal continues )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെല്ലിക്കുന്ന ബങ്കരക്കുന്നിലെ മുഹമ്മദ് സിനാന്‍, ചൂരി ബട്ടം പാറയിലെ റിഷാദ്, ചൂരി മീപ്പുഗിരിയിലെ സാബിത്, ആരിക്കാടിയിലെ അസ്‌ക്കര്‍, കാസര്‍കോഡ് ടൗണിലെ ഓട്ടോ ഡ്രൈവറും തിരുവനന്തപുരം സ്വദേശിയുമായ ഉപേന്ദ്രന്‍ എന്നിവരുടെ കൊലപാതക്കേസുകളിലെ പ്രതികളെ നേരത്തേ വെറുതെവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരും കേസില്‍ നിന്ന് ഊരിപ്പോന്നിരിക്കുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് കാസര്‍കോഡ് സ്വീകരണം നല്‍കുന്നതിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് 2009 നവംബര്‍ 15ന് കാസര്‍കോഡ് താളിപ്പടുപ്പിലെ സ്വകാര്യ ആശുപത്രിക്ക് സമീപം അസ്ഹര്‍ കുത്തേറ്റുമരിച്ചത്. കേസില്‍ സംഘപരിവാര പ്രവര്‍ത്തകരായ താളിപ്പടുപ്പിലെ എച്ച്. രമേശ (21), കേളുഗുഡ്ഡെയിലെ കെ. സജിത്ത് കുമാര്‍ (20), ബി.കെ. പവന്‍ കുമാര്‍ (26), കൊറുവയലിലെ വി. ശശിധര (23), ബങ്കരക്കുന്നിലെ സതീശ് നായിക്ക് (30) എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടത്.

2011 ജനുവരി ഒമ്പതിന് രാത്രി ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ബട്ടംപാറയിലെ മഹ്‌മൂദിന്റെ മകനായ റിഷാദ് ചൂരി കേളുഗുഡ്ഡെ കണ്ടം ജങ്ഷനില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. കാഞ്ഞങ്ങാട്ട് റെഡിമെയ്ഡ് വസ്ത്ര സ്ഥാപനം നടത്തിവരുകയായിരുന്നു. കാസര്‍കോട് ഡിവൈ.എസ്.പിയായിരുന്ന വിക്രം ഉള്‍പെടെ 46 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. മീപ്പുഗുരി കരുണാ നിലയത്തിലെ എം. പരേഷ് (22), താളിപ്പടുപ്പിലെ കിരണ്‍കുമാര്‍ (32), മീപ്പുഗുരിയിലെ എം. ദിനേശ് (28), പച്ചക്കാട്ടെ കെ.എസ്. സുധീര്‍കുമാര്‍, ജെ.പി. കോളനിയിലെ ജി. ജ്യോതിഷ് എന്ന ജ്യോതിഷ് കുമാര്‍ (28), കേളുഗുഡ്ഡെ അയ്യപ്പ നഗറിലെ അജിത്ത് കുമാര്‍ (21), കേളുഗുഡ്ഡയിലെ കെ.ജി. കിഷോര്‍ (21) എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഇ വി രാജന്‍ വിട്ടയച്ചത്.

പ്രമാദമായ സിനാന്‍ വധക്കേസില്‍ അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയല്‍ കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (30), കെ നിതിന്‍ കുമാര്‍ (33) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. നെല്ലിക്കുന്ന ബങ്കരക്കുന്ന് ശബ്‌ന മന്‍സിലിലെ മുഹമ്മദ് സിനാന്‍ ആനബാഗിലും ദേശീയ പാത അണ്ടര്‍ ബ്രഡ്ജിനു സമീപമാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനെ ബൈക്കില്‍ കൊണ്ടുവിട്ട് മടങ്ങുമ്പോള്‍ തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. ശ്രീധരന്‍ പിള്ളയാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായത്.

മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ പ്രതികളെ വെറുതെവിടുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് പോലീസ് അന്വേഷണത്തിലെ വീഴ്ച്ചയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ തുടക്കത്തിലുണ്ടായ വീഴ്ചയാണ് പ്രതികളെ ശിക്ഷിക്കാതിരിക്കാന്‍ കാരണമെന്നാണ് വിധി ന്യായത്തില്‍ കോടതി വ്യക്തമാക്കിയിട്ടുള്ളത്. സമാനമായ സ്ഥിതിയാണ് റിയാസ് മൗലവിയുടെ കേസിലും ഉണ്ടായിരിക്കുന്നത്. ജെ പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് (22), ജെ പി കോളനിയിലെ എസ് കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്ബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരെയാണ് ഈ കേസില്‍ വെറുതെവിട്ടത്.

മുകളില്‍ പറഞ്ഞ മുഴുവന്‍ കേസുകളിലും സംഘപരിവാര പ്രവര്‍ത്തകരാണ് പ്രതികള്‍. കേസില്‍ പ്രതികള്‍ക്കു വേണ്ടി വാദിക്കാന്‍ രംഗത്തെത്തിയതാവട്ടെ അറിയപ്പെടുന്ന ബിജെപി നേതാവ് അഡ്വ. ശ്രീധരന്‍ പിള്ളയും.

വയോധികനായ മുഹമ്മദ് ഹാജി, തളങ്കരയിലെ സൈനുല്‍ ആബിദ് എന്നിവരുടെ കേസുകള്‍ ഇപ്പോള്‍ കോടതിയിലാണ്. ഈ കേസുകളിലും വിധി സമാനമായിരിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ കാസര്‍കോഡുകാര്‍ക്കുള്ളത്.

2014 ഡിസംബര്‍ 22ന് രാത്രി 9.30ഓടെയാണ് തളങ്കര കുന്നിലിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദിനെ ആര്‍എസ്എസ് സംഘം കുത്തിക്കൊലപ്പെടുത്തിയത്. കാസര്‍കോഡ് എംജി റോഡിലെ ചക്കര ബസാറില്‍ പിതാവിനൊപ്പം കട നടത്തിവരികയായിരുന്നു ആബിദ്. രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങവേ പിതാവിന്റെ മുന്നില്‍ വച്ചാണ് ആബിദിനെ കുത്തിവീഴ്ത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിദ്യാനഗര്‍ പന്നിപ്പാറയിലെ പ്രശാന്ത് (20), പെരിയടുക്കത്തെ ഉദയന്‍ എന്ന ബട്ടി ഉദയന്‍(31), ബട്ടംപാറയിലെ മഹേഷ് (19) എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍.

തെളിവെടുപ്പിലും തെളിവുശേഖരണത്തിലുമുണ്ടായ ഗുരുതര വീഴ്ച്ചയാണ് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെവിടാന്‍ കാരണമായതെന്ന് കോടതി നിരീക്ഷിക്കുന്നു. നിലവാരമില്ലാത്ത രീതിയില്‍ ഏകപക്ഷീയമായാണ് അന്വേഷണം നടന്നത്. കൊലപാതകത്തിന്റെ ഉദ്ദേശ്യം സ്ഥാപിക്കാന്‍ പ്രോസിക്യൂഷനായില്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസുകളില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഈ വീഴ്ച്ച മനപൂര്‍വ്വമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.