26
May 2024
Thu
26 May 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുര: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്ലെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മലപ്പുറത്ത് ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘമുണ്ട്. അവരാണ് പ്രതിഷേധത്തിന് പിന്നല്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കൊണ്ട് പിന്‍മാറില്ലെന്നും ഗണേഷ് കുമാര്‍ സ്വകാര്യ ചാനലിനോടു പറഞ്ഞു.

മാഫിയകൾക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരും. മലപ്പുറം ആര്‍ടി ഓഫീസിൽ നടന്നത് 3 കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. വ്യാജ റസീറ്റ് ഉണ്ടാക്കി നികുതി വെട്ടിച്ചെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

അതേസമയം മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നു. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

തൊപ്പിയും തലേക്കെട്ടും കാണുമ്പോഴുള്ള പ്രതിഷേധമാണ്. സമര മാര്‍ഗത്തെയാണ് മന്ത്രി അധിക്ഷേപിച്ചത്. ആര്‍ടിഒ ഓഫീസിലെ അഴിമതിക്ക് ഉത്തരവാദികള്‍ മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് സമരമുണ്ട്. അതൊന്നും മാഫിയ അല്ലേ. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്. കേരളത്തിലെ ഒരു ജില്ല തന്നെ അല്ലേ മലപ്പുറവും. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു )ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.