26
Apr 2025
Fri
26 Apr 2025 Fri

കോഴിക്കോട്: കോഴിക്കോട് സാമൂതിരി കെസി ഉണ്ണിയനുജൻ രാജ എന്ന ശ്രീ മാനവേദൻരാജ (99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.15 ന് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ എട്ടു മണി മുതൽ 11 മണി വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോയി കോവിലകം ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്കരിക്കും. 2014 ഏപ്രിലിൽ സഹോദരൻ ശ്രീ മാനവിക്രമൻരാജയുടെ നിര്യാണത്തെ തുടർന്നാണ് ഉണ്ണിയനുജൻ രാജ സാമൂതിരിയായി ചുമതലയേറ്റത്.

 

കേരളത്തിൽ ആഴത്തിൽ ബന്ധങ്ങൾ ഉള്ള ഉണ്ണിയനുജന്‍ രാജ, സാമൂതിരി രാജാക്കന്മാരുടെ മതനിരപേക്ഷനിലപാട് ശക്തിയായി പാലിച്ചിരുന്നു. കോഴിക്കോടിന്‍റെ സാംസ്കാരിക പാരമ്പര്യത്തെ കൈവിടാതെ സൂക്ഷിക്കുന്ന കാര്യത്തിൽ ബദ്ധശ്രദ്ധനുമായിരുന്നു അദ്ദേഹം. നഗരത്തിൻ്റെ സാംസ്കാരിക മുഖങ്ങളും ഒരാളും ആയിരുന്നൂ.

 

1969-ല്‍ സര്‍ക്കാരിന്റെ ചെലവില്‍ സിഎന്‍സി മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത് പഠിക്കാന്‍ ജര്‍മനി സന്ദർശിച്ചു. ജര്‍മനിയില്‍ നിന്നുവരുമ്പോള്‍ ഒരു പ്രൊജക്ടറും ക്യാമറയും ഉണ്ണിയനുജന്‍ രാജ കൊണ്ടുവന്നിരുന്നു. വീട്ടില്‍ തന്നെ ഒരു ഹോംതിയേറ്ററും ഒരുക്കി. അക്കാലത്ത് അത് വലിയ അദ്ഭുതം ആയിരുന്നു.

 

അഴകപ്ര കുബേരൻ നമ്പൂതിരിയുടെയും കോട്ടക്കൽ കിഴക്കേ കോവിലകം കുഞ്ഞിമ്പാട്ടി തമ്പുരാട്ടിയുടെയും മകനായി 1925 ൽ ജനിച്ച ഉണ്ണി അനുജൻ രാജ സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റും ചെമ്പൂർ മദ്രാസ് എൻജിനീയറിങ് കോളജിൽ എൻജിനീയറിങ്ങും പൂർത്തിയാക്കി. എഞ്ചിനീയറായ രാജാവ് എന്നാണ് അറിയപ്പെട്ടത്.

 

പെരമ്പൂരിൽ ഇന്ത്യൻ റെയിൽവേയിൽ എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ജംഷഡ്പൂരിൽ ടാറ്റയിൽ ജോലിക്കാരനായി. എറണാകുളത്തെ എച്ച്എംടിയിൽ നിന്ന് പ്ലാനിങ് എൻജിനീയറായി വിരമിച്ചു. മാലതി നേത്യാർ ആണ് ഭാര്യ. മക്കൾ: സരസിജ, ശാന്തിലത, മായാദേവി.

KC Unni Anujan Raja passed away