22
Feb 2023
Fri
22 Feb 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മദ്യം, വാഹനങ്ങള്‍, പാര്‍പ്പിടം, ഇന്ധനം എന്നിവയക്ക് വില വര്‍ധിക്കും. ഇന്ന് അവതരിപ്പിച്ച ബജറ്റിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മദ്യത്തിന് 20 രൂപ മുതല്‍ 40 രൂപ വരെ വര്‍ദ്ധിപ്പിച്ചപ്പോള്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒപ്പം ഫ്ളാറ്റ്/അപ്പാര്‍ട്ട്മെന്റ് മുദ്ര വില കൂട്ടി, 7% ല്‍ എത്തിച്ചു. പട്ടയം ഭൂമിയിലെ നികുതിയും പരിഷ്‌കരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പറഞ്ഞു.

പെട്രോള്‍, ഡിസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കും.

സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 മുതല്‍ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വര്‍ധിപ്പിച്ചുവെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഭയില്‍ പറഞ്ഞു.

പുതുതായി വാങ്ങുന്ന മോട്ടോര്‍ സൈക്കിളുകളുടെയും മോട്ടോര്‍ കാറുകളുടെയും നികുതി വര്‍ധിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ രണ്ട് ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. ഇതുവഴി 340 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസുകള്‍ക്ക് ചെലവേറും. പണയാധാരങ്ങള്‍ക്ക് 100 രൂപ നിരക്കില്‍ സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ സേവന ഫീസുകള്‍ കൂട്ടി. വാണിജ്യ വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവ കൂട്ടി. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തും. ഒന്നിലധികം വീടുള്ളവര്‍ക്ക് രണ്ടാം വീടിന് പ്രത്യേക നികുതി. മൈനിംഗ് ആന്‍ഡ് ജിയോളജി റോയല്‍റ്റി തുക കൂടും.പണി പൂര്‍ത്തിയാകാത്ത വീടുകള്‍ക്കുള്ള പരിശോധനാ ഫീസും കൂട്ടി.