30
Jun 2023
Thu
30 Jun 2023 Thu

കോഴിക്കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണയായി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പ്രാർത്ഥനാ ചടങ്ങുകൾക്കൊപ്പം കുടുംബമൊന്നിച്ചുള്ള ആഘോഷദിനമാണ് വിശ്വാസികൾക്ക് ഓരോ പെരുന്നാൾ സുദിനവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൈലാഞ്ചിയണിഞ്ഞ കൈകളും, അത്തർ പൂശിയ പുത്തൻ വസ്ത്രങ്ങളുമണിഞ്ഞുള്ള ഈദ് നമസ്‌കാരമാണ് പെരുന്നാൾ ദിനത്തിൽ പ്രധാന പ്രാർത്ഥനാകർമ്മം. പിന്നെ ഭക്ഷണമൊരുക്കലും എല്ലാവരും കൂടിയിരുന്ന് പങ്കിട്ട് കഴിക്കലും തമാശ വർത്തമാനങ്ങളും പാട്ടുകളുമെല്ലാമായി പെരുന്നാളിനെ നിറമുള്ള ഓർമകളാക്കുന്നു. കൂടാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കലാണ് മറ്റൊരു പ്രധാന ചടങ്ങ്. അതിനാൽ ഓരോ പെരുന്നാളും കുടുംബ, സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്നു. ഭാഷ, വർണ, വർഗ വിവേചനങ്ങളില്ലാതെ അതിർത്തികൾ താണ്ടി മക്കയിൽ ഒരുമിച്ച വിശ്വാസികളുടെ ഹജ്ജിൻറെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനും ഉൾപ്പെടെയുള്ളവർ ബലിപെരുന്നാൾ ആശംസകൾ നേർന്നു. ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലി പെരുന്നാളിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ. വ്യതിരിക്തതകളുടെ വേലിക്കെട്ടുകൾ ഭേദിച്ച് എല്ലാ മനുഷ്യർക്കും ഒത്തുചേർന്ന് ബലി പെരുന്നാൾ ആഘോഷിക്കാൻ സാധിക്കണം. ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുന്നു.- മുഖ്യമന്ത്രി ആശംസിച്ചു.

ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് ബക്രീദ് സമൂഹത്തിനാകെ നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഈ സന്ദേശങ്ങളുടെ മൂല്യം ബക്രീദ് ആഘോഷത്തിലൂടെ ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. മാനവികതയിൽ ഊന്നിയുള്ളതാകട്ടെ നമ്മുടെ ആഘോഷങ്ങളെല്ലാം.എല്ലാവർക്കും ബക്രീദ് ആശംസകൾ.-അദ്ദേഹം കുറിച്ചു.