28
Feb 2024
Mon
28 Feb 2024 Mon

‘അത് ഇവിടെ നടപ്പാക്കില്ല’ റേഷന്‍ കടകളില്‍ മോദിയുടെ ചിത്രം സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കുറ്റപ്പെടുത്തി.

നിയമസഭയില്‍ ചോദ്യത്തോരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ പറ്റുമോയെന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേവരെയില്ലാത്ത ഒരു പുതിയ പ്രചരണ പരിപാടിയാണ് കേന്ദ്രം നിര്‍ദേശിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ തീര്‍ച്ചയായും ഇതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുളളതാണ്. ഇക്കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത് ശരിയല്ലെന്ന് കേന്ദ്രസര്‍ക്കാരിനെ തന്നെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഇവിടെ ഇത് നടപ്പാക്കാന്‍ വിഷമമാണെന്ന് കേന്ദ്രത്തെ അറിയിക്കും. അതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെ ഇത് അറിയിക്കാന്‍ പറ്റില്ലെയെന്നതും പരിശോധിക്കും’ പിണറായി വിജയന്‍ പറഞ്ഞു.

റേഷന്‍ കടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകളും സെല്‍ഫി പോയിന്റും ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് കര്‍ശന നിര്‍ദേശം നല്‍കിയത്. ബാനറുകളും സെല്‍ഫി പോയിന്റ് ബോര്‍ഡുകളും ഉടന്‍ ലഭ്യമാക്കുമെന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അധികൃതരാണ് വ്യക്തമാക്കിയിരുന്നത്.
നേരത്തെ ഭക്ഷ്യ ധാന്യ വിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞിരുന്നു.