05
Apr 2023
Sun
05 Apr 2023 Sun

ദുബയ്: ദേര അല്‍ മുറാറില്‍ താമസ കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ മലയാളി ദമ്പതികള്‍ അടക്കം 16 പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്തു ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ദുബായില്‍ ട്രാവെല്‍സ് ജീവനക്കാരനാണ് റിജേഷ്, ജിഷി ഖിസൈസില്‍ ക്രെസെന്റ് സ്‌കൂള്‍ അധ്യാപികയാണ്. ഇവരുടെ തൊട്ടടുത്ത മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നു കരുതുന്നു. മലയാളികള്‍ക്ക് പുറമെ രണ്ടു തമിഴ്‌നാട്ടുകാരും മൂന്നു പാകിസ്താനികളും നൈജീരിയന്‍ യുവതിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേരയിലെ അല്‍ബറാഹ ബസ് ടെര്‍മിനലിന് മുന്‍വശത്തുള്ള കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് ദുബയ് നഗരത്തെ നടുക്കിയ അഗ്‌നിബാധ ഉണ്ടായത്. നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തിയ ദുബയ് സിവില്‍ ഡിഫെന്‍സ് ടീം കെട്ടിടത്തിലുണ്ടായ നിരവധി പേരെ രക്ഷപ്പെടുത്തി തീയണച്ചു. മലയാളി കുടുംബങ്ങള്‍ അടക്കം വിവിധ രാജ്യക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലെ ആറാം നിലയിലാണ് ദുരന്തം ഉണ്ടായത്.

കെട്ടിടത്തില്‍ ആവശ്യത്തിന് സുരക്ഷ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും നിമിഷങ്ങള്‍ക്കകം ഒഴിപ്പിച്ച് ഉച്ചയ്ക്ക് 2 മണിയോടെ തീയണച്ചു. കെട്ടിടത്തിന്റെ ആറാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നും വലിയൊരു പൊട്ടിത്തെറി കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നീട് വലിയ തീനാളങ്ങള്‍ ജനലിന് പുറത്തേക്ക് കാണുകയായിരുന്നു. ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂട് മൂലമുണ്ടായ പൊട്ടിത്തെറിയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗ്യാസ് പൊട്ടിയതാണെന്നും വിന്‍ഡോ എ സി പൊട്ടിത്തെറിച്ചതായും കരുതുന്നു.വിശദമായ അന്വേഷണം നടക്കുന്നു. കനത്ത പുക കാരണമാണ് കൂടുതല്‍ മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തിനു പുറത്ത് കൂടി വലിയ ക്രെയിന്‍ ഉയര്‍ത്തിയാണ് ആളുകളെ പുറത്തെത്തിച്ചത്. അപകടം പറ്റിയവരെ ആശുപത്രിയില്‍ എത്തിക്കാനും മറ്റും സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി നേതൃത്വം നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക